News
26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികള്‍ ഇപ്പോഴും പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നു; പാകിസ്താനെതിരെ വിമര്‍ശനവുമായി ജാവേദ് അക്തര്‍
26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികള്‍ ഇപ്പോഴും പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നു; പാകിസ്താനെതിരെ വിമര്‍ശനവുമായി ജാവേദ് അക്തര്‍
പാകിസ്താനെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികള്‍ ഇപ്പോഴും പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ അതിഥിയായി പങ്കെടുക്കവേയാണ് ജാവേദ് അക്തറിന്റെ പരാമര്‍ശം. അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
”താങ്കള്‍ പാകിസ്താന്‍ ഒരുപാട് വട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ പാകിസ്താനിലെ ജനങ്ങള്‍ നല്ലവരാണെന്നും അവര്‍ കേവലം ബോംബിടുന്നവര്‍ അല്ലെന്നും പൂമാല നല്‍കി തങ്ങളെ സ്‌നേഹത്തോടെ സ്വീകരിക്കുന്നവരാണെന്നും പറയുമോ?” എന്നൊരാള്‍ അക്തറിനോട് ചോദിച്ചു. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു.
”നമ്മള്‍ പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. അതൊരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയില്ല. എന്തായാലും അന്തരീക്ഷം കലുഷിതമാണ്. ഞങ്ങള്‍ മുംബൈയില്‍ നിന്നുള്ളവരാണ്. മുംബൈ ആക്രമിക്കപ്പെട്ടതെങ്ങനെയാണ് ഞങ്ങള്‍ കണ്ടു. അക്രമകാരികള്‍ ഈജിപ്തില്‍ നിന്നോ നോര്‍വേയില്‍ നിന്നോ ഉള്ളവരല്ല. അവര്‍ (ഭീകരര്‍) ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു” ജാവേദ് അക്തര്‍ പറഞ്ഞു.
പാകിസ്താനി കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാനും, മെഹ്ദി ഹസനും വേണ്ടി ഇന്ത്യ വലിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും, ലതാ മങ്കേഷ്‌കറിന് വേണ്ടി പാകിസ്താന്‍ ഒരു പരിപാടിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ പാകിസ്താനെ അദ്ദേഹം കാവ്യാത്മകമായ രീതിയില്‍ പരിഹസിക്കുകയും ചെയ്തു.