Bollywood
വീട് നിറയെ മുല്ലപ്പൂവിന്റെ സുഗന്ധം, ഒപ്പം എ.ആര് റഹ്മാന്റെ പാട്ടുകളും; അമ്മ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍
വീട് നിറയെ മുല്ലപ്പൂവിന്റെ സുഗന്ധം, ഒപ്പം എ.ആര് റഹ്മാന്റെ പാട്ടുകളും; അമ്മ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍
ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവി. ശ്രീദേവിയോടുള്ളതു പോലെ തന്നെ താരത്തിന്റെ മകള്‍ ജാന്‍വി കപൂറിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജാന്‍വിയും ബോണി കപൂറും. കഴിഞ്ഞ ദിവസം ജാന്‍വി നടത്തിയ ഹോം ടൂര്‍ വീഡിയോയിലാണ് ഇരുവരും ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. നിരവധി ആഡംബര വീടുകള്‍ സ്വന്തമായുള്ള ആളാണ് ബോണി കപൂര്‍.
എന്നാല്‍ ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് മൂന്നു പേരും മുംബൈയിലെ വീട്ടിലെത്തിയത്. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വീടാണ് ഇതെന്ന് ജാന്‍വി പറയുന്നു. മുംബൈയിലെ ശ്രീ എന്ന് പേരുള്ള വീടിന്റെ വിശേഷങ്ങള്‍ ഇങ്ങനെ..
വീട് നിറയെ മുല്ലപ്പൂവിന്റെ സുഗന്ധമാണ്, അമ്മ തന്നെയാണ് വീട് നിറയെ മുല്ലച്ചെടികള്‍ നട്ടത്. ഒപ്പം എ.ആര് റഹ്മാന്റെ പാട്ടുകളും എല്ലായിപ്പോഴും നിറഞ്ഞിരിക്കുന്നു. അമ്മ ഉണ്ടായിരുന്ന സമയത്ത് എപ്പോഴും സന്തോഷമായിരുന്നു. വൈകുന്നേരങ്ങളും മനോഹരമായിരുന്നു.
അമ്മ മരിച്ചതിന് ശേഷം ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചിരുന്ന് അധികം സംസാരിക്കാറില്ലായിരുന്നു. പിന്നീടാണ് ഈ വീട്ടിലെയ്ക്ക് വന്നത്. ഈ വീട്ടലെ ഓരോ വസ്തുക്കളും അമ്മയുടെ ഇഷ്ടാനുസരണമാണ് ഒരുക്കിയിരിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലം കൂടിയാണ് ഞങ്ങളുടെ ഈ വീട്.
ഈ വീട്ടിലെ മനോഹരമായ ഒന്ന് അര്ജ്ജുന് കപൂര്‍ അനുജത്തിമാര്‍ക്കും പിതാവിനുമൊപ്പമുള്ള ചിത്രമാണ്. വെള്ള, മഞ്ഞ, ഗ്രേ നിറങ്ങള്‍കൊണ്ടാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒപ്പം ശ്രീദേവിയുടെ ചിത്രങ്ങളാണ് വീട് നിറയെ. വളരെ പ്രശാന്തമായ ഒരിടം കൂടിയാണ് തങ്ങളുടെ വീടെന്നും ജാന്‍വി പറയുന്നു. ഷൂട്ടിംഗ് തിരക്കുകളും മറ്റും കഴിഞ്ഞാല്‍ തനിക്ക് ഇവിടേയ്ക്ക് ഓടി വരാനുള്ള ആഗ്രഹമാണെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.
