Actor
അമ്മയിൽ അംഗമാകണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം; ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
അമ്മയിൽ അംഗമാകണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം; ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടൻ ഇടവേള ബാബുവിനെതിരെ ലൈം ഗികാരോപണവുമായി ജൂനിയർ ആർട്ടിസ്റ്റായ നടി രംഗത്തെത്തിയത്. പിന്നാലെ നടനെതിരെ കേസെടുത്തിരുന്നു. ഇപ്പോഴിതാ ഈ കേസിന് താത്കാലിക സ്റ്റേ അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ സ്റ്റേ അനുവദിച്ചത്. ഹർജിയിൽ എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്.
അമ്മയിലെ അംഗത്വത്തിന് രണ്ടു ലക്ഷമാണ് ഫീസ് എന്നു പറഞ്ഞു. എന്നാൽ അഡ്ജസ്റ്റ് ചെയ്താൽ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും ജൂനിയർ നടി ആരോപണം ഉന്നയിച്ചിരുന്നു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.