എനിക്ക് ഒരുപാട് വിഷമമുണ്ട്; ഞാൻ റിജക്ട് ചെയ്തതല്ല; വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ടാണ്; വൈറലായി ആസിഫിന്റെ വാക്കുകൾ!!!
By
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാരങ്ങളിലേയ്ക്ക് താരം ഉയര്‍ന്നത്. യാതൊരു സിനിമാ പശ്ചാത്തലമില്ലാതെ സിനിമയിലെത്തി നായക നിരയിലേക്ക് ഉയർന്ന് വന്ന നടന്മാരിൽ ഒരാളാണ് ആസിഫ്.
ഇതിനകം നിരവധി ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ ആസിഫിന് കഴിഞ്ഞു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ ചെത്തി മിനുക്കി മുന്നേറുകയാണ് ആസിഫ് അലി. മികച്ച സിനിമകളും നടനെ തേടി എത്തുന്നുണ്ട്. നടനെന്ന നിലയിലും ആസിഫ് ഒരുപാട് മുന്നോട്ട് പോയെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. 2009ല്‍ പുറത്തിറങ്ങിയ ‘ഋതു’ എന്ന സിനിമയിലൂടെയായായിരുന്നു ആസിഫ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്.
നായകൻ എന്ന ഇമേജ് നോക്കാതെ യാതൊരു വിധ നിർബന്ധ ബുദ്ധിയും ഇല്ലാതെ സിനിമയും കഥാപാത്രവും തന്നെ ആവശ്യപ്പെടുന്നുണ്ടെങ്കിൽ എത്ര ചെറിയ വേഷമാണെങ്കിലും അത് ചെയ്യാനായി വില്ലനായും സഹനടനായും സഹനായകനായും എല്ലാം അഭിനയിക്കാൻ ആസിഫ് തയാറാകാറുണ്ട്. അതുകൊണ്ട് തന്നെ ആസിഫ് അലി മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ റോൾ നിരസിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ മുതൽ ആരാധകർക്കും സിനിമാപ്രേമികൾക്കും അമ്പരപ്പായിരുന്നു.
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഭ്രമയുഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണ് ആസിഫ് അലി ചെയ്യേണ്ടിയിരുന്നത്. ഭ്രമയുഗത്തിലെ റോൾ ആസിഫ് അലി നിരസിച്ചുവെന്ന് സോഷ്യൽമീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തതോടെ ആസിഫ് അലിയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്.
താൻ എന്തുകൊണ്ടാണ് ഭ്രമയുഗത്തിൽ അഭിനയിക്കാതിരുന്നതെന്ന് ആസിഫ് ആ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആ റോൾ നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്ന് പറഞ്ഞാണ് ആസിഫ് സംസാരിച്ച് തുടങ്ങിയത്. നടന്റെ വാക്കുകളിലേക്ക്… ‘ഭ്രമയുഗം ഞാൻ റിജക്ട് ചെയ്തതല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണ്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കുവേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.’
‘പക്ഷെ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്. ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചുവെന്നത് സിനിമയോട് അദ്ദേഹത്തിന് എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസിലായി. ആ സിനിമ ജഡ്ജ് ചെയ്ത്ത് മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ അതിനൊരു ധൈര്യം വേണം.’
‘അദ്ദേഹം അത് കാണിച്ചു എന്നുള്ളത് നമുക്കൊക്കെ ഒരു മാതൃകയാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്. ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസിൽ ഒന്നായിരിക്കും. അർജുൻ അശോകന്റെയും വളരെ രസകരമായ കഥാപാത്രമാണ്.’ ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമ കൂടിയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ സന്തോഷമേയുള്ളൂ.
അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോട് കൂടി കാണാൻ പോകുന്നത്. സോകോള്‍ഡ് സിനിമകള്‍ എടുക്കാന്‍ നിലനില്‍പ്പിന്റെ പ്രശ്നം ഓര്‍ത്ത് നടന്മാര് മടിക്കുമ്പോള്‍ ആ പേടി മാറ്റി തന്ന നടനാണ് മമ്മൂക്ക. റോഷാക്ക് എന്ന ചിത്രം ചെയ്യുന്ന സമയത്ത് ഇതുപോലുള്ള വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ഒരു നടന് എന്ന നിലയില്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.’ ‘അതിന്റെ മറ്റൊരു ഉദാഹരണമാണ് ഭ്രമയുഗം എന്ന സിനിമ. ആ സിനിമയെ കുറിച്ചുള്ള മമ്മൂക്കയുടെ ജഡ്ജ്മെന്റ് വിശ്വസിക്കാന്‍ കഴിയാത്തതാണ്. ഭ്രമയുഗത്തിലെ ആ വേഷം മമ്മൂക്ക ചെയ്യും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഭ്രമയുഗം എന്ന സിനിമ ഏറ്റെടുത്ത് ചെയ്യണം എങ്കില്‍ അതിനൊരു ധൈര്യം വേണം. അത് മമ്മൂക്ക കാണിച്ചു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അത് വളരെ പ്രചോദനമാണ്’, എന്നാണ് ആസിഫ് അലി പറഞ്ഞത്.
