Malayalam
ഫിയോക് സമരം; നാദിര്‍ഷ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു
ഫിയോക് സമരം; നാദിര്‍ഷ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ റിലീസ് മാറ്റിവെച്ചു. നേരത്തെ ഫെബ്രുവരി 23നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തീയേറ്ററുടമകളുടെ സംഘടനായായ ഫിയോകിന്റെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്.
സിനിമകള്‍ ധാരണ ലംഘിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നുവെന്നാണ് ഫിയോക്കിന്റെ ആരോപണം. ഫിയോക്കിന്റെ നിര്‍ദേശവും സത്യവാങ്മൂലവും ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതിനാല്‍ സിനിമ റിലീസ് നിര്‍ത്തിവയ്ക്കും എന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. മാര്‍ച്ച് 1 നായിരിക്കും ചിത്രം ഇനി തിയേറ്ററുകളില്‍ എത്തുകയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുപം ഖേര്‍ ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ നിന്നും ആക്ടിംഗ് കോഴ്‌സും പൂര്‍ത്തിയാക്കിയ മുബിന്‍ പിതാവ് റാഫിക്കൊപ്പം വിവിധ ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോമഡി എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.