Malayalam
പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല; ഗോകുൽ സുരേഷ്
പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല; ഗോകുൽ സുരേഷ്
‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ാേകുൽ തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാറുമുണ്ട്. താരം സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ കാളിദാസ് ജയറാമായിന്റെ വിവാഹം. സിനിമാതാരങ്ങളടക്കം പങ്കെടുത്ത വിപുലമായ വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതിനിടെ വിവാഹത്തെ കുറിച്ച് നടൻ ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും സമയമെടുക്കുമെന്നും ഗോകുൽ പറയുന്നു. ഒരു പ്രണയിനി ഉണ്ടെന്ന തരത്തിലും ഗോകുൽ സംസാരിക്കുന്നുണ്ട്. വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല.
നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല’, എന്നായിരുന്നു ഗോകുൽ സുരേഷ് പറഞ്ഞത്.
അതേസമയം, അടുത്തിടെ തന്റെ മരണപ്പെട്ടുപോയ തന്റെ മൂത്ത സഹോദരി ലക്ഷ്മിയെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടയിരുന്നു. ലക്ഷ്മി ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കല്യാണം ഒക്കെ നടന്നിട്ടുണ്ടായേനെ. ചേച്ചി ജീവിച്ചിരിക്കുന്ന സമയത്ത് ഞാൻ ഇല്ല. ചേച്ചി മരിച്ച് ഒരു ഒന്നര വർഷം കഴിഞ്ഞിട്ടാണ് ഞാൻ ജനിക്കുന്നത്. ഞാൻ ഞങ്ങളുടെ ഒരു കാവൽ മാലാഖയെപ്പോലെയാണ് ചേച്ചിയെ കാണുന്നത്.
എനിക്ക് എന്തെങ്കിലും വിഷമം ഒക്കെ വന്നാൽ ഞാൻ ആകാശത്തു നോക്കി രാത്രിയിൽ ഏതെങ്കിലും നക്ഷത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നോ എന്നൊക്കെ നോക്കും. എന്റെ ഒരു സങ്കൽപ്പമാണ് അതൊക്കെ. അതിൽ ഏതെങ്കിലും നക്ഷത്രത്തെ ഞാൻ എന്റെ ചേച്ചിയായി വിചാരിക്കും, എന്നിട്ട് ഞാൻ എന്തെങ്കിലുമൊക്കെ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്. എനിക്ക് അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങൾ ഞാൻ ചോദിച്ചതൊക്കെ കിട്ടിയിട്ടുണ്ട്.
ചെറുതായിരുന്ന സമയത്ത് ഞാൻ കുരിശുമല കയറിയപ്പോൾ അവിടെ വച്ചും ഞാൻ നക്ഷത്രം കണ്ടു ചേച്ചിയാണ് എന്ന് സങ്കൽപ്പിച്ചു ചോദിച്ചിട്ടുണ്ട്. അത് എനിക്ക് സാധിച്ചു കിട്ടിയിട്ടുമുണ്ട്. അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ചേച്ചിയുമായിട്ട് എനിക്ക് ആ സ്റ്റാർ കണക്ഷൻ ആണുള്ളത് കൂടുതലും. വീട്ടിൽ ചേച്ചിയുടെ ഫോട്ടോ വച്ചിട്ടുണ്ട്, അവിടേയ്ക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരും അധികം പോകുന്നത് ഒന്നും കാണാറില്ല.
പക്ഷേ ഞാൻ ഇടയ്ക്ക് പോകാറുണ്ട്. ഞാൻ പോയി ചേച്ചിയെ നോക്കിയിരിക്കും, എന്തോ കിളിപാറിയ പോലെ ഞാൻ ഇരിക്കും അവിടെ പോയി. അച്ഛന്റെ അച്ഛന്റെ ഫോട്ടോയും ചേച്ചിയുടെ ഫോട്ടോയും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പോലെയാണ് വീട്ടിൽ വച്ചിരിക്കുന്നത്. എന്റെ ഗ്രാൻഡ്ഫാദറിന് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ചേച്ചി. ചേച്ചി മരിച്ചു കഴിഞ്ഞിട്ടും എന്റെ ഗ്രാൻഡ്ഫാദർ എവിടെ പോയാലും ചേച്ചിയുടെ ഫോട്ടോ ഫ്രെയിം ചെയ്തത് കയ്യിൽ സൂക്ഷിക്കാറുണ്ടെന്നുമാണ് നടൻ പറഞ്ഞത്.
അതേസമയം, മമ്മൂട്ടിയ്‌ക്കൊപ്പമാണ് ഗോകുൽ സുരേഷിന്റെ ഏറ്റവും പുതിയ സിനിമ. ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്’ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോൻ ആണ്. ഡിറ്റക്റ്റീവ് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് പടത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.