Malayalam
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; മീഡിയാസെൽ ഉദ്ഘാടനം ചെയ്ത് മന്ത്രി ആർ ബിന്ദു
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; മീഡിയാസെൽ ഉദ്ഘാടനം ചെയ്ത് മന്ത്രി ആർ ബിന്ദു
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യമാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകതയെന്ന് ആർ ബിന്ദു പറഞ്ഞു. മീഡിയ സെല്ലിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവ്വഹിക്കുന്നതിനിടെയാണ് മീഡിയാസെൽ ഉദ്ഘാടനം ചെയ്ത് മന്ത്രി സംസാരിച്ചത്.
തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് മീഡിയ സെല്ലിന്റെ പ്രവർത്തനം. ഇരുപത്തിയൊന്ന് പേരടങ്ങുന്ന മീഡിയാ ടീമിൽ ഭൂരിഭാഗവും വനിതകളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് മേള തികച്ചും വ്യത്യസ്ഥമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെ താൽപ്പര്യങ്ങളും ഉൾക്കൊള്ളുന്ന സമീപനം ചലച്ചിത്രപ്രവർത്തകരിൽ ഉണ്ടാകണമെന്നും, ചലച്ചിത്ര ആസ്വാദകർക്ക് ഇത്തവണത്തെ മേള ലോക സഞ്ചാര അനുഭവമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ക്യൂറേറ്റർ ഗോഡ്‌സാ സെല്ലം, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, KSFDC ചെയർമാൻ ഷാജി എൻ കരുൺ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു തുടങ്ങി ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 29-ാം പതിപ്പ് പ്രേക്ഷകപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ചരിത്ര വിജയമാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.
29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായാണ് നടക്കുന്നത്. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിൽ 14 സിനിമകളാണുള്ളത്. സംവിധായകൻ ജിയോ ബേബി ചെയർമാനും നടി ദിവ്യപ്രഭ, സംവിധായകരായ ഫാസിൽ റസാഖ്, വിനു കോളിച്ചാൽ, തിരക്കഥാകൃത്ത് പി.എസ് റഫീക്ക് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മൽസര വിഭാഗത്തിലേയ്ക്കു തെരഞ്ഞെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര സിനിമാ മേഖലയിലെ ഇരുനൂറോളം വ്യക്തിത്വങ്ങൾ മേളയിൽ പങ്കെടുക്കും. പതിനയ്യായിരം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം.