വ്യാജപ്രചരണം ലക്ഷ്യമിടുന്നത് മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ തകർച്ച ? സൈബര്‍ പോലീസിന് പരാതി നല്കാൻ സംവിധായകൻ
പുതുതായി തിയറ്ററുകളില്‍ എത്തുന്ന സിനിമകളെ ഡിഗ്രേഡ് തകർക്കാൻ നോക്കുന്നത് ഇപ്പോൾ പതിവാവുകയാണ്. ഇതോടെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ നെഗറ്റീവ് റിവ്യൂകളും അത്തരത്തിലുള്ള പ്രേക്ഷക പ്രതികരണങ്ങൾ സിനിമാ മേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം അടുത്ത കാലത്ത് സജീവ ചര്‍ച്ചാ വിഷയവുമായി. ഇതിന്റെ ഏറ്റവും പുതിയ ഇരയാണ് മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫർ എന്ന ചിത്രം.
‘ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങൾ മുതൽ തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേർപ്പെടുത്തി സിനിമ സംഘടന’ എന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫെഫ്ക ജനറൽ സെക്രട്രി ബി. ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടുത്തിയാണ് ഈ വ്യാജ വാർത്ത പ്രചരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ എന്ന സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനൊരു വാർത്ത പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്നും താന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നു.
“തിയറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്കെ തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ക്രിസ്റ്റഫര്‍ ഇറങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണ്”. തങ്ങളെ ‘സഹായിക്കുക’യാണ് ഈ പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ വിളിച്ചു പറയുമ്പോഴാണ് ഇത്തരമൊരു വ്യാജ പ്രചരണം നടക്കുന്നതായി അറിയുന്നത്. തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകളെ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതില്‍ നിന്നും വിലക്കണമെന്ന പരാതി ഞാന്‍ ഒരിടത്തും കൊടുത്തിട്ടില്ല. ഇങ്ങനെയൊരു തീരുമാനം ഏതെങ്കിലും സംഘടന ഔദ്യോഗികമായി കൈക്കൊണ്ടതായും എനിക്ക് അറിവില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേർത്തു. വ്യാജ പ്രചരണത്തിനെതിരെ സൈബര്‍ പോലീസിന് പരാതി നൽകാനാണ് സംവിധായകന്റെ തീരുമാനം.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുക. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടാഗ് ലൈന്‍ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ്. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.