Malayalam
സിനിമ ചെയ്യാൻ വിളിച്ചാൽ പാർവതിയെ കിട്ടാറില്ല, ഇനി കിട്ടിയാൽ തന്നെ ശമ്പളത്തിന്റെ പേരിൽ നടക്കാതെ പോകും, ഒരുപാട് പ്രോജക്ടുകൾ അങ്ങനെ പോയി; വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ
സിനിമ ചെയ്യാൻ വിളിച്ചാൽ പാർവതിയെ കിട്ടാറില്ല, ഇനി കിട്ടിയാൽ തന്നെ ശമ്പളത്തിന്റെ പേരിൽ നടക്കാതെ പോകും, ഒരുപാട് പ്രോജക്ടുകൾ അങ്ങനെ പോയി; വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ
ഡബ്ല്യൂസിസി അംഗങ്ങളെ തൊഴിലിടങ്ങളിൽ നിന്നും മനഃപ്പൂർവ്വം മാറ്റിനിർത്തുന്നുവെന്ന് പ്രചരിക്കുന്ന ആരോപണങ്ങൾ തള്ളി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഡബ്ല്യുസിസി രൂപീകരിക്കുന്നതിന് മുൻപും അതിനുശേഷവും നടി പാർവ്വതി തിരുവോത്ത് അഭിനയിച്ച ചിത്രങ്ങളുടെ കണക്കുകളടക്കം പുറത്തുവിട്ടുകൊണ്ടാണ് വിഷയത്തിൽ ഉണ്ണികൃഷ്ണന്റെ പ്രതികരണം.
ഡബ്ല്യുസിസി അംഗങ്ങളെ തൊഴിലിൽ നിന്നും മാറ്റിനിർത്തുന്നു എന്ന പരാമർശം ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. വളരെ ഗൗരവമായി ഞങ്ങൾ അത് പരിശോധിച്ചു. 21 യൂണിയനിലും ചർച്ച ചെയ്തു. ആരെങ്കിലും അങ്ങനെ ഒരു നിർദ്ദേശം കൊടുത്തോ എന്ന് പരിശോധിച്ചു. 2006-ൽ കരിയർ ആരംഭിച്ചത് മുതൽ 2018-ൽ ഡബ്ല്യുസിസി നിലവിൽ വരുന്നതുവരെ 11 സിനിമകളിലാണ് പാർവതി തിരുവോത്ത് അഭിനയിച്ചത്.
ഈ സംഘടന നിലവിൽ വന്നതിനു ശേഷം 11 ചിത്രങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂടെയുള്ള നിരവധി പേർ ഇവരെ വെച്ച് സിനിമ ചെയ്യാൻ സമീപിച്ചിരുന്നു. പക്ഷേ പലപ്പോഴും അവരെ കിട്ടിയിട്ടില്ല. ഇനി കിട്ടിയാൽ തന്നെ ആ കഥ ചെയ്യണമെന്ന് അവർക്ക് തോന്നണം. ശമ്പളത്തിന്റെ പേരിൽ പാർവതി തിരുവോത്തുമൊത്തുള്ള ഒരുപാട് പ്രോജക്ടുകൾ നടക്കാതെ പോയിട്ടുണ്ട്.
അതിന്റെ എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡയറക്ടേഴ്സ് യൂണിയനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സംവിധായകൻ സജിൻ ബാബു. അദ്ദേഹത്തിന്റെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയിലെ നായിക റിമാ കല്ലിങ്കലാണ്. ഡബ്ല്യുസിസി അംഗങ്ങളെ മാറ്റി നിർത്തണമെന്ന നിലപാട് ഫെഫ്കയ്‌ക്ക് ഉണ്ടായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നോ എന്നാണ് ബി. ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്.
അതേസമയം, എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി ഉണ്ണികൃഷ്ണൻ ചോദിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത് അസാധ്യമാണ്. പവർ ഗ്രൂപ്പിൽ ആരൊക്കെയാണ് എന്നുള്ളത് നിയമപരമായി പുറത്തുവരണം.
ഓഡിഷൻ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ കാസ്റ്റിങ് കാൾ എന്നൊരു പ്രശ്നമില്ല. ലൈം ഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്. അത് പരിഹരിച്ചു. ബൈലോയിൽ ഭേദഗതി വരുത്തി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയർത്തണമെന്നാണ് ഫെഫ്ക തീരുമാനം എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
