Malayalam
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ സമിതിയോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് രാജി വെക്കുന്നതെന്നാണ് ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നത്. സമിതി അടുത്ത ചർച്ച നടത്തുന്നത് ഫെഫ്കയുമായാണ്.
അതിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിർദേശിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം, നേരത്ത, നയരൂപീകരണ സമിതിയിൽ ഉണ്ണികൃഷ്ണന്റെ പേര് ഉൾപ്പെട്ടതിൽ വിനയൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.
തന്റെ പരാതിയിൽ കോംപറ്റീഷൻ കമ്മീഷൻ ശിക്ഷിച്ചയാളാണ് ബി.ഉണ്ണികൃഷ്ണൻ എന്നും നയരൂപീകരണ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയൻ ഹർജിയിൽ പറഞ്ഞു.
തൊഴിൽ നിഷേധത്തിനാണു കോംപറ്റീഷൻ കമ്മീഷൻ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതുമെന്നും വിനയൻ പറഞ്ഞു. ഈ തൊഴിൽ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്.
തൊഴിൽ നിഷേധിക്കുന്ന പവർ ഗ്രൂപ്പിന്റെ ഭാഗമാണു ബി.ഉണ്ണികൃഷ്ണൻ എന്നും വിനയൻ ഹർജിയിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ബി.ഉണ്ണികൃഷ്ണനെതിരെ കണ്ടെത്തലുകളുണ്ടെന്നും വിനയൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
ബി.ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തുന്നത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്തിക്കു പരാതി നൽകിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.