Breaking News
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു
നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഈ വെളിപ്പെടുത്തലുകളാണ് കേസിൽ തുടരന്വേഷണത്തിന് വഴി തുറന്നത്.
ഇപ്പോഴിതാ സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം സംഭവിച്ചത്. നേരത്തെ വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വൻ പണച്ചിലവ് വരുന്ന സാഹചര്യമാണ്. ഇതോടെ ചികിത്സയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ ഷീബ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു.
കുറച്ചുകാലം മുമ്പ് കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലായി. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാർ നീതിക്ക് വേണ്ടി രോഗ കാലത്തും കോടതിയിൽ ഹാജറാകുകയും സാക്ഷി മൊഴി നൽകുകയും ചെയ്തിരുന്നു.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആണ് ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതോടെ നിരന്തരം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടർച്ചയായുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. സിനിമയിൽ നിന്നും ബാലചന്ദ്ര കുമാറിന് വരുമാനമൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയിരുന്നത്.
രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു. വിചാരണാ ഘട്ടത്തിൽ എല്ലാ ദിവസവം രാവിലെ നാല് മണിക്ക് വന്ന് ഡയാലിസിസ് ചെയ്യും. ഒൻപത് മണിക്ക് പുറത്തിറങ്ങും. പത്ത് മണിക്ക് കോടിയിൽ കയറി രാത്രി എട്ടരവരെ നീളുന്ന വിചാരണയ്ക്ക് ഹാജറായിരുന്നു ഇദ്ദേഹമെന്നാണ് കുടുംബം പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം ദിലീപിനെതിരെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി. നേരത്തെ ബലാത്സംഗ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ദിലീപിനെ ചുമത്തിയിരുന്നത്.
ദിലീപിന്റേത് അടക്കമുള്ള നിരവധി ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ഒരുകാലത്ത് ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്ന സുപ്രധാനമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തി. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അന്തിമ വാദം തുടങ്ങിയ വേളയിലാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിയോഗം. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങൾ ഒരുമാസം കൊണ്ട് പൂർത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
2013 ൽ ആസിഫലി, ബാല, ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 2015ൽ ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്ന ചിത്രം ബാലചന്ദ്ര കുമാർ പ്രഖ്യാപിച്ചിരുന്നു. ആ സമയത്താണ് ദിലീപും ബാലചന്ദ്രകുമാർ അടുക്കുന്നത്. ദിലീപിന്റെ വീട്ടിലെ നിത്യസന്ദർശകരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. എന്നാൽ 2017 ൽ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. സിനിമയ്ക്കായി ദിലീപ് തനിക്ക് പണം തന്നിട്ടില്ലെന്നും സിനിമ താനാണ് വേണ്ടെന്ന് വെച്ചതെന്നുമായിരുന്നു ബാലചന്ദ്രകുമാർ പിന്നീട് വ്യക്തമാക്കിയത്.