Breaking News
എംടി വാസുദേവൻ നായർ ആശുപത്രിയിൽ; നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ
എംടി വാസുദേവൻ നായർ ആശുപത്രിയിൽ; നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ
മലയാളികളുടെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ ആശുപത്രിയിൽ. അ്ദദേഹത്തിന്റെ നില അതീവ ഗുരുതരമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാകുന്നു.
വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി വാർദക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു എംടി. അടുത്തിടെ അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അന്ന് ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങി. അതിനിടെയാണ് ഇന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വാർത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് എത്രയും വേഗം രോഗം ഭേദമായി അദ്ദേഹം തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നത്.
1933ൽ പുന്നയൂർക്കുളത്തുകാരൻ ടി.നാരായണൻ നായരുടെയും കൂടല്ലൂരുകാരി അമ്മാളുവമ്മയുടെയും മകനായാണ് ജനനം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ടെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പകാലം. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. ചെറുപ്പത്തിലെ നനുത്ത വഴികളിൽ നിന്ന് പെറുക്കിയെടുത്ത ഓർമകളെമ്പാടും എംടിയുടെ എഴുത്തിൽ ഇഴകൾ പാകി.
നിളയോരത്തെയും നാട്ടുവഴികളിലെയും അനുഭവ മുഹൂർത്തങ്ങൾ കഥകളിലും നോവലുകളിലും സിനിമകളിലും അത്രമേൽ ഭാവതീവ്രമായി ആവിഷ്കരിക്കപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു ഉപരിപഠനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1954-ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി പ്രവർത്തിച്ചു. രണ്ടിടത്തും കണക്ക് മാഷായിരുന്നു. പിന്നീട് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകൻറെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവച്ച് എം.ബി കോളജിൽ തിരിച്ചെത്തി.
തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. അത് മാറ്റത്തിൻ്റെ ശംഖൊലിയായി. കോഴിക്കോടിൻ്റെ മണ്ണിൽ നിന്ന് പടർന്നുപന്തലിക്കാനുള്ള കാൽവയ്‌പ്പ്. പഠന കാലത്തുതന്നെ സാഹിത്യരചനയിൽ അതീവ തത്പരനായിരുന്നു അദ്ദേഹം. ജയകേരളം മാസികയിലാണ് കഥകൾ അച്ചടിച്ച് വന്നിരുന്നത്. ബിരുദ പഠന കാലത്താണ് ‘രക്തം പുരണ്ട മണൽതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്.
2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു. 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം 1973ൽ നിർമ്മാല്യത്തിലൂടെ ലഭിച്ചു. നാലുതവണയാണ് മികച്ച തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം നേടിയത്.
ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം .എന്നിവയ്ക്കായിരുന്നു കേന്ദ്രാംഗീകാരങ്ങൾ. മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ബന്ധനം, കടവ് എന്നിവ നേടി. മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ബന്ധനം, കേരള വർമ്മ പഴശ്ശിരാജഎന്നിവയ്ക്ക് ലഭിച്ചു. 2011ൽ എഴുത്തച്ഛൻ പുരസ്കാരവും 2013ൽ ജെ.സി. ഡാനിയേൽ പുരസ്കാരവും നേടി.
1965-ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും ശേഷം 1977-ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും അദ്ദേഹം വിവാഹം കഴിച്ചു. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യുട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതി പ്രശസ്ത നർത്തകിയാണ്.
