Breaking News
അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം!
അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം!
2016ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് അരിസ്‌റ്റോ സുരേഷ്. ഒറ്റ സിനിമയും സിനിമയിലെ ‘മുത്തേ പൊന്നേ’ എന്ന ഗാനവും അരിസ്‌റ്റോ സുരേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആക്ഷൻ ഹീറോ ബിജു കണ്ട ആരും നടനെ മറക്കില്ല. പിന്നീട് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ കൂടെ അഭിനയിക്കാനും നടന് സാധിച്ചിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിൽ അരിസ്‌റ്റോ സുരേഷ് മത്സരാർത്ഥിയായി വന്നിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. മൂവാറ്റുപുഴയിൽ നടന്ന പ്രമോഷൻ പരിപാടിയ്ക്കിടെയാണ് സംഭവം. കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ കൂടെ നിന്നവർ ചേർന്ന് താങ്ങി എടുത്ത് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചുവെന്നാണ് വിവരം. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയാണ് മിസ്റ്റർ ബംഗാളി. ബംഗാളിയായിട്ടാണ് ചിത്രത്തിൽ നടൻ അഭിനയിക്കുന്നത്. ജനുവരി 03നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കലാണ് ചിത്രത്തിൻറെ നിർമ്മാണം.
ജോബി വയലുങ്കൽ തന്നെ സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പർ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവർക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം ഇട്ടിമാണി സിനിമയിലും മമ്മൂട്ടിയോടൊപ്പം പരോൾ എന്ന സിനിമയിലും അഭിനയിച്ചപ്പോളുണ്ടായ അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ‘ഓർക്കുമ്പോൾ സന്തോഷം കാരണം ഉറങ്ങാൻ പോലും പറ്റാത്ത രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്ന് ഇട്ടിമാണി എന്ന സിനിമയുടെ സമയത്തായിരുന്നു.
ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഞാൻ എന്റെ ഡയലോഗ് പറയുകയായിരുന്നു. അത് കേട്ടതും ലാലേട്ടൻ ഡയലോഗിന് വേഗത കൂടുതലാണ് വേഗത കുറച്ചിട്ട് പറഞ്ഞു നോക്കൂവെന്ന് പറഞ്ഞു. അവിടം മുതൽക്കാണ് എങ്ങനെയാണ് ഒരു സിനിമയിൽ ഡയലോഗ് പറയേണ്ടത് എന്ന് ഞാൻ പഠിക്കുന്നത്. പിന്നെ പരോൾ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു അടുത്ത അനുഭവം ഉണ്ടാകുന്നത്.
അതിൽ ഒരു സീനിൽ അഭിനയിച്ച് കഴിഞ്ഞതും ഞാനും അസീസ് നെടുമങ്ങാടും മമ്മൂക്കയോട് ഞങ്ങളുടെ സീൻ എങ്ങനെ ഉണ്ടായിരുന്നെന്ന് ചോദിച്ചു. അതിന് മറുപടിയായി മമ്മൂക്ക ഒരു തംസപ്പ് കാണിച്ചു. അത് മതിയായിരുന്നു ഞങ്ങൾക്ക്. അതിൽ എനിക്ക് വലിയ സന്തോഷം തോന്നിയെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.
മാത്രമല്ല, സിനിമയിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സിനിമയൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനും മുതിർന്ന നടനും അഭിനയിക്കുന്ന സമയത്ത് അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. ഒരു ഡയലോഗ് പഠിക്കേണ്ടതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ആയിരുന്നു സംഭവം.
ചേട്ടൻ എന്നെ ആ സമയത്ത് വിളക്കണം എന്ന് പറഞ്ഞപ്പോൾ സുരേഷ് എന്നെ അഭിനയം പഠിപ്പിക്കുകയാണോയെന്ന് ചോദിച്ചു. അദ്ദേഹത്തിൽ നിന്നും പഠിക്കാൻ അവസരം കിട്ടുമോയെന്നൊക്കെയാണ് നമ്മൾ ആലോചിക്കുന്നത്, അപ്പോഴാണ് ഇതൊക്കെ.
ഞാൻ സത്യത്തിൽ ആ നിമഷം പ്രതിമ പോലെ ആയിപ്പോയി. ശരിക്കും അത് എന്റെ തെറ്റായിരുന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷെ പുള്ളി അത് പറയുമ്പോൾ ലൊക്കേഷനിലൊക്കെ എല്ലാവരും ഉണ്ടായിരുന്നു. കുട്ടികളൊക്കെ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ അവർക്ക് എന്നോടുള്ള ബഹുമാനം പോയി എന്നും സുരേഷ് പറഞ്ഞിരുന്നു.
