general
അവസാനമായി അമ്മയെ കെട്ടിപിടിച്ച് അന്ത്യചുംബനം നല്‍കി ധര്‍മജന്‍; ആശ്വസിപ്പിക്കാനാകാതെ സഹപ്രവര്‍ത്തകര്‍!
അവസാനമായി അമ്മയെ കെട്ടിപിടിച്ച് അന്ത്യചുംബനം നല്‍കി ധര്‍മജന്‍; ആശ്വസിപ്പിക്കാനാകാതെ സഹപ്രവര്‍ത്തകര്‍!
നടി സുബി സുരേഷിന്റെ മരണത്തിനു പിന്നാലെയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തേടി മറ്റൊരു ദുഖവാര്‍ത്തകൂടി എത്തിയത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന്‍ ആണ് വിടപറഞ്ഞത്. സുബി സുരേഷിന്റെ മരണ വാര്‍ത്ത അറിഞ്ഞതു മുതല്‍ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിട്ടുള്ള ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. സുബിയ്‌ക്കൊപ്പം സിനിമാല മുതല്‍ ഒട്ടേറെ ഷോകള്‍ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേര്‍പാടിന് പിന്നാലെയാണ് ധര്‍മജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്.
വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. അമ്മയുടെ മരണസമയത്ത് ധര്‍മജന്‍ സ്ഥലത്തില്ലായിരുന്നു.
അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേര്‍പാടിന് പിന്നാലെയുണ്ടായ അമ്മയുടെ മരണം ധര്‍മജന് മറ്റൊരു ആഘാതമായി. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മാതാവ് ബാദുഷ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. പിന്നാലെ ധര്‍മജന്റെ വീട്ടിലേയ്ക്കും എത്തിയ ഇവര്‍ തന്നെയാണ് താരത്തിന് താങ്ങായി കൂടെ നില്‍ക്കുന്നത്.
തനിക്ക് എല്ലാമെല്ലാമായ അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്ന് പൊട്ടിക്കരഞ്ഞ് അമ്മയ്ക്ക് അന്ത്യചുംബനം നല്‍കുന്ന കാഴ്ച കണ്ട് നില്‍ക്കുന്നവരുടെ വരെ കണ്ണുകളെ ഈറനണിയിച്ചു. നിരവധി താരങ്ങളാണ് അനുശോചനം അറിയിക്കാന്‍ എത്തിയത്. സഹപ്രവര്‍ത്തകയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദന മാറും മുമ്പ് മറ്റൊരു സഹപ്രവര്‍ത്തകന്റെ കൂടി വേദനയില്‍ പങ്കുചേര്‍ന്ന് കൊണ്ട് താങ്ങായി നില്‍ക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സുബിയുടെ സംസ്‌കാരം നടന്ന ചേരാനല്ലൂര്‍ ശ്മശാനത്തില്‍ തന്നെയാണ് ധര്‍മജന്റെ അമ്മയുടെയും സംസ്‌കാരമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച നടി സുബി സുരേഷിന്റെ അന്ത്യകര്‍മങ്ങള്‍ ചേരാനെല്ലൂര്‍ പൊതുശ്മാശനത്തില്‍ നടന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. സുബിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്. സിനിമ,സീരിയല്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സുബിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
സുബിയെക്കുറിച്ചുള്ളത് ഈറനണിഞ്ഞ ഓര്‍മ്മകളെന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്. രണ്ടു പതിറ്റാണ്ട് കാലത്തെ ആത്മ ബന്ധമാണ് ഞാനും സുബിയും പിഷാരടിയും തമ്മിലുള്ളത്. അവള്‍ക്ക് കരള്‍രോഗമാണെന്ന് ഒരാഴ്ച മുന്‍പാണ് അറിയുന്നത്. ലാസ്റ്റ് സ്‌റ്റേജ് ആണെന്ന് അവള്‍ ഒരിക്കലും അറിഞ്ഞില്ല. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ വേണ്ടി വരും എന്ന് എന്റെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ഒന്നും പേടിക്കേണ്ട വേണ്ടത് ചെയ്യാം എന്ന് ഞാനും പറഞ്ഞിരുന്നു.
‘മാ’ എന്ന് പറഞ്ഞു മിമിക്രി കലാകാരന്മാര്‍ക്ക് സംഘടനയുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍. അതുവഴി കാര്യങ്ങള്‍ ചെയ്യാമായിരുന്നു. പക്ഷെ ഒന്നിനും അവള്‍ കാത്ത് നിന്നില്ല. എനിക്ക് അവളോട് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. വലിയ സങ്കടമാണ്.ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഒരുമിച്ചായിരുന്നു സ്‌റ്റേജ് ഷോകള്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്.
അത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് കലാരംഗത്ത് പ്രവര്‍ത്തിച്ചവര്‍ കുറവായിരിക്കും. പെണ്ണ് എന്ന രീതിയില്‍ ഒരിക്കലും സുബിയെ ഞങ്ങള്‍ കണ്ടില്ല. ആണുങ്ങളായ സുഹൃത്തുക്കള്‍ എന്ന രീതിയിലാണ് ഞങ്ങള്‍ സുബിയോടു ഇടപെട്ടത്.
സുബിയും ഞങ്ങളും ലോകം മുഴുവന്‍ ഒരുമിച്ച് സഞ്ചരിച്ചു. അമ്മമാരും അച്ഛന്‍മാരുമാണ് നടികള്‍ക്ക് ഒപ്പമുണ്ടായിരിക്കുക. എന്നാല്‍ എന്നും സുബി തനിച്ചായിരുന്നു. ഞങ്ങളോടുള്ള വിശ്വാസമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. ഈ രീതിയില്‍ തനിച്ച് സഞ്ചരിച്ച വേറെ സ്ത്രീകള്‍ കലാരംഗത്ത് ഇല്ല എന്ന് പറയാം. ദേവി ചന്ദന ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്കൊപ്പം ബന്ധുക്കള്‍ ആരെങ്കിലും കാണും.
തെസ്‌നിയുടെ കൂടെയാണെങ്കിലും ആരെങ്കിലും ഒപ്പം കാണും. ഞങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസം.
സുബി യു ട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ എന്റെ വീട്ടില്‍ നിന്നാണ് തുടക്കം കുറിച്ചത്. ആദ്യ എപ്പിസോഡ് എന്റെ വീട്ടില്‍ നിന്നാണ് തുടങ്ങിയത്. യുട്യൂബ് ചാനലില്‍ നിന്നു വരുമാനം കിട്ടി തുടങ്ങിയപ്പോഴും വീട്ടില്‍ വന്നു. ഗിഫ്റ്റ് വരെ എന്റെ വീട്ടില്‍ വന്നാണ് പൊട്ടിച്ചത്. ഇടയ്ക്ക് ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്നു.
വളരെ വൈകി എണീക്കുന്ന ശീലമായിരുന്നു. അങ്ങനെയുള്ള ഒരു ക്യാരക്ക്ടര്‍ ആയിരുന്നു. രാവിലെ പോയാല്‍ സുബിയെ കാണാന്‍ കഴിയില്ല. അത് എനിക്കറിയാമായിരുന്നു. പ്രോഗ്രാമിന് പോകുമ്പോള്‍ ഒന്നുകില്‍ ഞാന്‍ അവളുടെ വീട്ടില്‍ പോയിട്ട് പോകും. അല്ലെങ്കില്‍ അവള്‍ വീട്ടില്‍ വരും. ഒരുമിച്ച് പോകും.
അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോയി. ലോകം മുഴുവന്‍ ചുറ്റി.
ഇഷ്ടം പോലെ സ്ഥലങ്ങളില്‍ അവളെ വിളിച്ച് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ വല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം അവള്‍ എന്റെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ലിവര്‍ ട്രാന്‍സ് പ്ലാന്റെഷന്‍ നടത്തണം എന്നാണ് പറഞ്ഞത്. എന്താണ് ചെയ്യേണ്ടത് എന്നാണ് ചോദിച്ചത്. അവളുടെ മാമനും ഈ രീതിയില്‍ പ്രശ്‌നമുണ്ടായിരുന്നു. നമുക്ക് വേണ്ടത് ചെയ്യാം എന്ന് ഞാനും പറഞ്ഞിരുന്നുവെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു.
