News
ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തില്‍…, ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ഷക്കീലയ്ക്ക് പിന്നാലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെത്തി ദിലീപ്!
ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തില്‍…, ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ഷക്കീലയ്ക്ക് പിന്നാലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെത്തി ദിലീപ്!
നടനും നടിയെ ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയുമായ ദിലീപ് കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് ശേഷം പൊതുപരിപാടിയില്‍ സജീവമായി വരികയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയത് ദിലീപ് ആയിരുന്നു. നിരവധി പേരാണ് ജനപ്രിയനെ കാണാനായി എത്തിയത്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഷക്കീല എത്തിയതിന് പിന്നാലെയാണ് ദിലീപും എത്തുന്നത്.
ഈ വേദിയില്‍ നടത്തിയെ പ്രസംഗത്തിനിടെ നടിയെ ആക്രമിച്ച കേസിനെ കുറിച്ചം ദിലീപ് സംസാരിച്ചിരുന്നു. താനൊരു നിയമപോരാട്ടത്തിലാണ് എന്നാണ് ദിലീപ് കേസിനെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പറയുന്നത്. ഇവിടെ ഞാനൊരു അതിഥിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം കിട്ടുന്ന സമയത്ത്, പറ്റാവുന്ന നേരത്ത് തൈക്കാട്ടപ്പനെ കാണാന്‍ വരുന്ന ഒരു ഭക്തനാണ് ഞാന്‍. ഞാന്‍ ജനിച്ചത് എടവനക്കാട്, വളര്‍ന്നത് ആലുവയില്‍, ഇപ്പോള്‍ ഇവിടേയും ഞാന്‍ താമസിക്കുന്നുണ്ട് തൈക്കാട്ടപ്പന്റെ മണ്ണില്‍. തൊട്ടപ്പുറത്ത് തന്നെയാണ് അമ്മയുടെ വീട്.
വര്‍ഷങ്ങളായിട്ട് ഇതുവഴി പോകുമ്പോഴൊക്കെ ശിവരാത്രി മഹോത്സവ സമയത്ത് അവിടെ നിന്നൊക്കെ പല പ്രോഗ്രാമുകളും കുറച്ച് നേരം വീക്ഷിച്ച് പോകാറുണ്ട്. പക്ഷെ ഒരിക്കലും ഇവിടത്തെ ഒരു വേദിയില്‍ ഇരുന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടില്ല. അതിന് അവസരം തന്നവരോടും നാട്ടുകാരോടും ക്ഷേത്ര ഭാരവാഹികളോടും എന്റെ നന്ദി അറിയിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്…, 1991 ലാണ് ഞാന്‍ സിനിമാലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് 1995 ല്‍ എനിക്ക് തോന്നുന്നു ഇത് 28 ാമത്തെ വര്‍ഷമാണ്. വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം തന്നത് നിങ്ങളാണ്. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ്.
കാരണം ഞാന്‍ ചെയ്യുന്ന സിനിമകള്‍ വിജയിച്ചത് കൊണ്ടാണ്. അത് വിജയിപ്പിച്ചത് നിങ്ങളുടെ സ്‌നേഹമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തന്ന സ്‌നേഹനവും കൈയടിയും നിങ്ങള്‍ നിങ്ങളുടെ വിലയേറിയ സമയവും പൈസയുമൊക്കെ ഞങ്ങള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്ത് നിങ്ങള്‍ തിയേറ്ററില്‍ വന്നത് കൊണ്ട് മാത്രമാണ് എന്നെ പോലൊരു കലാകാരന് ഇന്നീ വേദിയില്‍ സംസാരിക്കാന്‍ ഇടയായത്.
ഈ കഴിഞ്ഞ 28 വര്‍ഷമായിട്ട് എന്റെ കഥാപാത്രങ്ങളിലൂടെ എന്നെ നേരിട്ട് കാണാത്ത നിങ്ങള്‍ ഒരുപാട് പേരുണ്ട്. ചിലര്‍ എന്നെ കണ്ടിട്ടുണ്ടാകും. ആ സ്‌നേഹത്തിന് മുന്‍പില്‍ ഓരോ നിമിഷവും ഞാന്‍ നിങ്ങളോട് മനസറിഞ്ഞ് നന്ദി പറയുകയാണ്. ഞാന്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് കുറച്ച് കാലമായിട്ട്. കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തിലായിരുന്നു.
ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്. ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും മുന്‍പില്‍ ഞാന്‍ തലകുനിക്കുകയാണ്. ഒരു കലാകാരനെ സംബന്ധിച്ച് അവരുടെ എനര്‍ജി എന്ന് പറയുന്നത് നിങ്ങളുടെ ഈ രണ്ട് കൈ കൂട്ടി കിട്ടുമ്പോള്‍ ഉള്ള അടിയില്ലേ. അതാണ്. അത് തരുന്ന എനര്‍ജി ഞങ്ങളെ പോലുള്ള കലാകാരന്‍മാര്‍ക്ക് വലിയ ശക്തിയാണ്. ഒരു വേദിയില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ചെറിയ കാര്യമല്ല എന്നും ദിലീപ് പറഞ്ഞു.
അടുത്തിടെ ദിലീപും കാവ്യയും ശബരി സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജീവിതത്തില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് തന്റെ പ്രസംഗം തുടങ്ങിയത്. ”കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഇങ്ങനെ വലിയൊരു വേദിയില്‍ നിന്നു സംസാരിക്കുന്നത്. ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കല്‍ എന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതാണ്.
നമുക്കൊരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോള്‍ നമ്മുടെ പഴയകാലത്തെക്കുറിച്ച് ഓര്‍ത്തുപോകും. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകര്‍ പറയുകയുണ്ടായി. അതിലൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.
ഞാന്‍ ഒരുപാട് സംസാരിച്ച് ബോര്‍ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കില്‍ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സര്‍ കുചേല വൃത്തത്തിലെ രണ്ടു വരികള്‍ പാടിയപ്പോള്‍ ‘ശോ ഞാനത് പാടാന്‍ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തില്‍ ഇരിക്കുകയാണ് കക്ഷി’. അപ്പൊ കാവ്യയും രണ്ടു വാക്കുകള്‍ സംസാരിക്കുന്നതാണ്.” എന്നും ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ഏകദേശം മൂന്ന് മാസത്തോളം ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിക്കുകയയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗമിക്കുകയാണ് നിലവില്‍. വിചാരണ നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ കേസില്‍ ജനവരി 30 നകം വിചാരണ പൂര്‍ത്തീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.