കണക്കുക്കൂട്ടലുകൾ തെറ്റിപ്പോകാം; അവരെ പറ്റിക്കരുത്; അതു വിജയിച്ചില്ലെങ്കിൽ കുഴപ്പമില്ല; പ്രേക്ഷകരെ ബോധപൂർവം പറ്റിക്കുന്നു എന്നു തോന്നിയാൽ അവർ നിഷ്‌കരുണം നമ്മെ എടുത്തെറിയും; വൈറലായി ജിത്തു ജോസഫിന്റെ വാക്കുകൾ!!!
By
ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. സംവിധായകൻ എന്നതിലുപരി കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നെ നിലകളിലും താണ്ടീതായ കഴിവ് തെളിയിക്കാൻ ജിത്തു ജോസഫിന് സാധിച്ചു.
2007-ൽ ഡിറ്റക്റ്റീവിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു ജോസഫ്, 2013-ൽ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ ദൃശ്യം എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ പ്രശസ്തികളിലേയ്ക്ക് ഉയരുകയായിരുന്നു.സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിന് ശേഷം ജീത്തുവിന്റെ കരിയറിൽ വലിയ ചലനങ്ങളാണ് ഉണ്ടായത്.
ഏറ്റവും നല്ല സിനിമകളാണ് പ്രേക്ഷകർ ജീത്തുവിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇടയ്ക്ക് ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും ഇപ്പോഴിതാ അതിനെല്ലാം പകരമെന്നോണം മറ്റൊരു സൂപ്പർ ഹിറ്റുമായി എത്തി തിളങ്ങി നിൽക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ നേര് ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്.
അതിനിടെ ഇപ്പോഴിതാ പ്രേക്ഷകരുടെ മാറിയ ആസ്വാദനരീതിയെ കുറിച്ചും തന്റെ എഴുത്തിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജീത്തു ജോസഫ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ കാര്യത്തിൽ പ്രേക്ഷകരാണ് കിങ് എന്നാണ് ജീത്തു പറയുന്നത്. പബ്ലിസിറ്റി എന്നു പറയുന്നത് സിനിമയുടെ റിലീസ് തീയതി, പ്രധാന ആർട്ടിസ്റ്റുകൾ, കഥാഗതി എന്നിവ പ്രേക്ഷകരെ അറിയിക്കുക എന്നതു മാത്രമാണ്.
തിയറ്ററിൽ വന്നു കണ്ടതിനുശേഷം പ്രേക്ഷകരാണ് തീരുമാനിക്കുന്നത് സിനിമ നല്ലതാണോ ചീത്തയാണോ എന്ന്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണ്. അവരാണ് കിങ് മേക്കേഴ്‌സ്. നല്ല സിനിമകൾ ഇനിയും ചെയ്യാൻ ശ്രമിക്കും. എന്നാൽ, ചില കണക്കുക്കൂട്ടലുകൾ തെറ്റിപ്പോകാം. അതിൽ പ്രേക്ഷകർക്കു കുഴപ്പമില്ല. പക്ഷേ, അവരെ കളിയാക്കരുത്. അവരെ പറ്റിക്കരുത്. ഒരു ശ്രമം നടത്തി, അതു വിജയിച്ചില്ലെങ്കിൽ കുഴപ്പമില്ല.
പക്ഷേ, പ്രേക്ഷകരെ ബോധപൂർവം പറ്റിക്കുന്നു എന്നു തോന്നിയാൽ അവർ നിഷ്‌കരുണം നമ്മെ എടുത്തെറിയുമെന്ന് ജീത്തു പറയുന്നു. ത്രില്ലർ സിനിമയുടെ ഇംപാക്ട് അതിന്റെ തിരക്കഥയിലാണെന്നും ജീത്തു പറഞ്ഞു. മനസ്സിൽ കൊളുത്തുന്ന ആശയത്തിന് ത്രില്ലർ സ്വഭാവം ആണെങ്കിൽ അതിന് അനുസരിച്ചുള്ള ചേരുവകൾ കണ്ടെത്തും. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരിപാടി ആദ്യം നടക്കുന്നത് എഴുത്തിലാണ്. പിന്നെയാണ്, മേക്കിങ് വരുന്നത്. മനസ്സിൽ കൃത്യമായൊരു ഫ്രെയിം ആയിട്ടു മാത്രമേ എഴുത്തിലേക്ക് കയറാറുള്ളൂ. നല്ല ഒരു തുടക്കവും ഇടവേളയും ക്ലൈമാക്സും തെളിഞ്ഞു വരണം.
അതിനെക്കുറിച്ച് മനസ്സിൽ എന്തെങ്കിലും ആശയം തോന്നിയാൽ മാത്രമേ എഴുതാനിരിക്കൂ. ചിലപ്പോൾ എഴുതി വരുമ്പോൾ ക്ലൈമാക്‌സ് മാറുമായിരിക്കാം. പക്ഷേ, കൃത്യമായൊരു ആശയം മനസ്സിൽ വരാതെ എഴുത്തു തുടങ്ങാറില്ലെന്നും ജീത്തു പറഞ്ഞു. സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് അറിവുണ്ട്. പ്രത്യേകിച്ചും കോവിഡിന്റെ സമയത്തു ധാരാളം സിനിമകൾ അവർ കണ്ടു.
കൊറിയനും മറ്റു വിദേശ ഭാഷാ ചിത്രങ്ങളും അവർ കാണുകയും അതിന്റെ മേക്കിങ് പാറ്റേൺ മനസ്സിലാക്കുകയും ചെയ്തു. അത് അവരുടെ ആസ്വാദനരീതിയെ മാറ്റി. അതുകൊണ്ട്, നമ്മുടെ പഴയ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടി വരും. അപ്പോഴും തിരക്കഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെയ്യാതെ മേക്കിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ പടം രക്ഷപ്പെടുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ജീത്തു വ്യക്തമാക്കി. ഇപ്പോൾ സിനിമയുടെ സ്പീഡ് മാറി.
എങ്കിലും താനിപ്പോഴും ചെറിയൊരു ലാഗ് ഇട്ടു തന്നെയാണ് സിനിമ ചെയ്യുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. ആ ലാഗിന് ഒരു ലക്ഷ്യം ഉണ്ട്. ഞാൻ ചിന്തിക്കുന്ന രീതിയിൽ സിനിമ ചെയ്യുമ്പോൾ അതിൽ ലാഗ് വരും. അതാണ് തന്റെ മേക്കിങ് സ്‌റ്റൈലെന്നും ജിത്തു പറഞ്ഞു.