Connect with us

2023 ന്റെ തീരാനഷ്ടങ്ങള്‍; ഇപ്പോഴും വിശ്വസിക്കാനാകാതെ സിനിമാ പ്രേമികള്‍!

Articles

2023 ന്റെ തീരാനഷ്ടങ്ങള്‍; ഇപ്പോഴും വിശ്വസിക്കാനാകാതെ സിനിമാ പ്രേമികള്‍!

2023 ന്റെ തീരാനഷ്ടങ്ങള്‍; ഇപ്പോഴും വിശ്വസിക്കാനാകാതെ സിനിമാ പ്രേമികള്‍!

മലയാള സിനിമാ ലോകത്തിനും ആരാധകര്‍ക്കും തീരനഷ്ടം സംഭവിച്ച ഒരു വര്‍ഷമായിരുന്നു 2023. ഏറെ പ്രതീക്ഷയോടും പ്രത്യശയോടെയും സന്തോഷകരമായ ഒരു പുതുവര്‍ഷത്തെ, 2024 നെ വരവേല്‍ക്കുമ്പോള്‍ നമ്മളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച, സങ്കടപ്പെടുത്തിയ ഈ താരങ്ങളൊന്നുമില്ല എന്നത് ഏറെ ദുഃഖകരമാണ്. അവരെല്ലാം അവതരിപ്പിച്ച, നമുക്ക് തന്നെ നല്ല കഥാപാത്രങ്ങളായും നിമിഷങ്ങളായും നമുക്ക് മുന്നില്‍ ബാക്കിയാകുകയാണ്. അവരിലേയ്ക്ക് ഒരിക്കല്‍ കൂടിയൊന്ന് തിരിഞ്ഞ് നോക്കാം.

വാണി ജയറാം

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ വേറിട്ട സ്വരമാധുരിയായിരുന്ന വാണി ജയറാം ഫെബ്രുവരി 5 നായിരുന്നു മരണപ്പെട്ടത്. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കിടപ്പുമുറിയില്‍ തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലായില്‍ കാണപ്പെടുകയായിരുന്നു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തെങ്കിലും ടീപ്പോയില്‍ തലയടിച്ചുവീണതിനെത്തുടര്‍ന്ന് തലയില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മയില്‍സാമി

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്ന് 2023 ഫെബ്രുവരി 19നായിരുന്നു മയില്‍സാമിയുടെ അന്ത്യം. മിമിക്രി താരം കൂടിയായ മയില്‍സാമി ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സ്റ്റാന്‍ഡ്അപ്പ് കോമേഡിയന്‍, ടി.വി. അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

സുബി സുരേഷ്

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. 2023 ഫെബ്രുവരി 22 ന്
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം.

ഇന്നസെന്റ്

2023 മാര്‍ച്ച് 26 നാണ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റ് വിടവാങ്ങിയത്. ഏറെക്കാലമായി അര്‍ബുദ ചികിത്സയിലായിരുന്നു ഇന്നസന്റ്. അര്‍ബുദം എന്ന വില്ലന്‍ പലതവണ കീഴ്‌പ്പെടുത്താന്‍ നോക്കിയെങ്കിലും അതെല്ലാം അതിജീവിച്ച് ജീവിതത്തെ തിരിച്ചുപിടിച്ച അദ്ദേഹം കോവിഡിനെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണപ്പെടുന്നത്.

മാമുക്കോയ

ഗഫൂര്‍ കാ ദോസ്ത്ത് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഡയലോഗുകളും അഭിനയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ച മാമുക്കോയയെ വിധി തട്ടിയെടുത്തത് 2023 ഇക്കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു. നാല്പത് വര്‍ഷങ്ങള്‍ കൊണ്ട് 450 ഓളം സിനിമകളില്‍ അഭിനയിച്ച മാമുക്കോയയ്ക്കാണ് ആദ്യമായി കേരളം സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

മനോബാല

2023 മമെയ് 3നായിരുന്നു പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തേത്തുടര്‍ന്നായിരുന്നു ഇന്ത്യം. 35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 450ഓളം ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്. കോമഡി, സഹനടന്‍ വേഷങ്ങളായിരുന്നു ചെയ്തതില്‍ ഏറെയും. 1979ല്‍ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാര്‍പ്പുകള്‍ ആണ് ആദ്യചിത്രം. കമല്‍ ഹാസന്റെ നിര്‍ദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയില്‍ പ്രവേശിച്ചത്.

ശരത്ബാബു

2023 മെയ് 22 നായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചത്. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹരീഷ് പേങ്ങന്‍

കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ 2023 മെയ് 30 നാണ് അന്തരിച്ചത്. സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

കൊല്ലം സുധി

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി 2023 ജൂണ്‍ 5നായിരുന്നു വാഹനാപകടത്തില്‍ മരണപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാര്‍ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

കസാന്‍ ഖാന്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പരിചയമായ താരമാണ് കസാന്‍ ഖാന്‍. 2023 ജൂണ്‍ 12ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കസാന്‍ ഖാന്റെ അന്ത്യം. മലയാളം, കന്നഡ, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ്വം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മേട്ടുകുടി, വാനത്തൈ പോല എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.

പൂജപ്പുര രവി

പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചത് ജൂണ്‍ 18നായിരുന്നു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.

കൈലാസ് നാഥ്

2023 ആഗസ്റ്റ് 3നായിരുന്നു സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിദ്ദിഖ്

നിരവധി ഹിറ്റ് സിനിമകള്‍ സൃഷ്ടിച്ച ചരിത്രമാണ് സംവിധായകന്‍ സിദ്ദീഖിന്റേത്. മലയാള സിനിമയില്‍ ചിരിയുടെ വെടിക്കെട്ട് തീര്‍ത്ത പ്രിയ സംവിധായകന്‍ സിദ്ദീഖ് 2023 ഓഗസ്റ്റ് എട്ടിനാണ് വിട പറഞ്ഞത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിനിമാപ്രേമികളെ ദുഖത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹം വിടപറഞ്ഞത്.

അപര്‍ണ നായര്‍

സിനിമാ സീരിയല്‍ താരം അപര്‍ണ നായര്‍ 2023 ആഗസ്റ്റ് 31 നാണ് മരണപ്പെട്ടത്. തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മേഘതീര്‍ത്ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതിസമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മാരിമുത്തു

2023 സെപ്തംബര്‍ 8നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മാരിമുത്തു അന്തരിക്കുന്നത്. രജനികാന്തിന്റെ ‘ജയിലറാ’ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. തമിഴ്‌സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു.

കെജി ജോര്‍ജ്

എഴുപതുകളിലും എണ്‍പതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ സംവിധായകന്‍ ആണ് കെജി ജോര്‍ജ്. 2023 സെപ്തംബര്‍ 24 ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.

കുണ്ടറ ജോണി

നടന്‍ കുണ്ടറ ജോണിയാണ് സിനിമാപ്രേമികള്‍ക്ക് തീരാ നഷ്ടം സമ്മാനിച്ച് 2023 ല്‍ വിടപറഞ്ഞ മറ്റൊരു താരം. മലയാള സിനിമയിലെ കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ജോണി 2023 ഒക്ടോബര്‍ 17 ആം തീയതിയാണ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 71 വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രഞ്ജുഷ മേനോന്‍

സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോനെ ഒക്ടോബര്‍ 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോന്‍.

ഡോ.പ്രിയ

ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ നവംബര്‍ 1 നാണ് അന്തരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനമുണ്ടായായിരുന്നു മരണം. നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് ഡോ.പ്രിയ.

കലാഭവന്‍ ഹനീഫ്

പ്രശസ്ത മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ ഹനീഫ് ആയിരുന്നു നവംബറിന്റെ നഷ്ടം. സിനിമാരംഗത്തെ ഏവരെയും ഞെട്ടിച്ച മരണമായിരുന്നു ഹനീഫിന്റെത്. ശ്വാസതടസത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹം ചികിത്സയിലിരിക്കെ ഈ കഴിഞ്ഞ നവംബര്‍ 9 ആം തീയതി വിടപറയുകയായിരുന്നു.

വിനോദ് തോമസ്

സിനിമാ സീരിയല്‍ താരം വിനോദ് തോമസ് 2023 നവംബര്‍ 18 നാണ് മരണപ്പെടുന്നത്. പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എസി ഓണാക്കിയശേഷം അടച്ചകാറിനുള്ളില്‍ ഇരുന്ന വിനോദ് തോമസ് മയങ്ങിയപ്പോള്‍ വിഷവാതകം ഉള്ളില്‍ ചെല്ലുകയായിരുന്നു. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയനായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധനേടി വരുന്നതിനിടെയായിരുന്നു ദാരുണ മരണം.

സുബ്ബലക്ഷ്മി

നടിയും നര്‍ത്തകിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി 2023 നവംബര്‍ 30നാണ് വിടവാങ്ങിയത്. നടിയായ താരാ കല്യാണിന്റെ അമ്മയായ സുബ്ബലക്ഷ്മി മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശിയായി മാറുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. നന്ദനം, പാണ്ടിപ്പട എന്നിവയാണ് സുബ്ബലക്ഷ്മി അനശ്വരമാക്കിയ കഥാപാത്രങ്ങളുള്ള മറ്റു ചിത്രങ്ങള്‍.

ലക്ഷ്മിക സജീവന്‍

കാക്ക’ എന്ന ഏറെ ജനപ്രീതി നേടിയ ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന്‍ ഡിസംബര്‍ എട്ടിനാണ് അന്തരിച്ചത് ഡിസംബര്‍ എട്ടിനായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്തു വരികയായിരുന്ന ലക്ഷ്മിക ഹൃദയാഘാതത്തെ തുടര്‍ന്ന് അവിടെ വച്ചുതന്നെ മരണപ്പെട്ടു.

ബോണ്ട മണി

തമിഴ് ഹാസ്യ നടന്‍ ബോണ്ട മണി 2023 ഡിസംബര്‍ 24നാണ് അന്തരിക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനു താന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.

വിജയകാന്ത്

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് 2023 ഡിസംബര്‍ 28നായിരുന്നു അന്തരിച്ചത്. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

More in Articles

Trending

Recent

To Top