Movies
മോഹൻലാലിന്റെ ബറോസിന് ആശംസകളുമായി ബിഗ് ബി
മോഹൻലാലിന്റെ ബറോസിന് ആശംസകളുമായി ബിഗ് ബി
മോഹൻലാൽ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചുകൊണ്ടായിരുന്നു അമിതാഭ് ബച്ചൻ ആശംസകൾ അറിയിച്ചിരിക്കുന്നത്.
തന്റെ ട്വിറ്റർ പേജിലൂടെയാണ് ബറോസിന്റെ ട്രെയിലർ അദ്ദേഹം പങ്കുവച്ചത്. ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇത് തീർച്ചയായും സൂപ്പർഹിറ്റാകും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.