Malayalam
ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്!!; തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി കിഷ്‌കിന്ധാ കാണ്ഡം
ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്!!; തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി കിഷ്‌കിന്ധാ കാണ്ഡം
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. നടന്റേതായി ഒടുക്കം പുറത്തെത്തിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. മികച്ച പ്രക്ഷേക പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.
ഓണം റിലീസായി എത്തിയിരിക്കുന്ന ചിത്രം ടൊവിനോ തോമസിൻറെ ‘അജയൻറെ രണ്ടാം മോഷണ’ത്തിനൊപ്പമാണ് എത്തിയിരിക്കുന്നത്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണങ്ങളാണ് കിഷ്‌കിന്ധാ കാണ്ഡത്തിനു ലഭിക്കുന്നത്. അച്ഛൻ-മകൻ ബന്ധത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാനും ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നാണ് സേഷ്യൽ മീഡിയയിലടക്കം വരുന്ന റിപ്പോർട്ടുകൾ.
ഉദ്വേഗജനകമായ ത്രില്ലർ സ്വഭാവത്തിൽ നീങ്ങുന്ന ചിത്രത്തിൽ താരങ്ങളുടെ പ്രകടനമാണ് ഏവരെയും ശ്രദ്ധ പിടിച്ചു പറ്റിയത്.
ആസിഫ് അലിയുടെയും ജഗദീഷിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ദുരൂഹതകൾ നിറഞ്ഞ കഥാഗതി രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ കൂടുതൽ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
ആസിഫ് അലിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ആസിഫിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ ചിത്രമാണിത്.
അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗുഡ്‌വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ് – വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്‌ട് ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.