Malayalam
പവർ ഗ്രൂപ്പ് എന്നൊന്നുണ്ട്, അതുമാത്രമാണ് തനിക്ക് പറയാൻ സാധിക്കുക, അത് ആരൊക്കെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയുകയും ചെയ്യാം; പാർവ്വതി തിരുവോത്ത്
പവർ ഗ്രൂപ്പ് എന്നൊന്നുണ്ട്, അതുമാത്രമാണ് തനിക്ക് പറയാൻ സാധിക്കുക, അത് ആരൊക്കെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയുകയും ചെയ്യാം; പാർവ്വതി തിരുവോത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു, മാത്രമല്ല, സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണെന്നും സിനിമാ രംഗത്ത് 15 പേരുടെ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും ഇവരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശം.
മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഇവരുടെ ഇടപെടൽ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ചില താരങ്ങളും തുറന്ന് പറഞ്ഞു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ മലയാള സിനിമയിലെ ആ പവർ ഗ്രൂപ്പ് ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി പാർവ്വതി തിരുവോത്ത്. പവർ ഗ്രൂപ്പ് ആരാണ് എന്ന് പറയാൻ തനിക്ക് സാധിക്കില്ലെന്ന് പാർവ്വതി പറയുന്നു.
എന്നാൽ പവർ ഗ്രൂപ്പ് എന്നൊന്നുണ്ട്. അതുമാത്രമാണ് തനിക്ക് പറയാൻ സാധിക്കുക. അത് ആരൊക്കെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയുകയും ചെയ്യാം എന്നും പാർവ്വതി പറഞ്ഞു. പിന്നോട്ട് വലിക്കുന്നത് ആരൊക്കെ ആണെന്ന് എല്ലാവർക്കും അറിയാം. ഒന്നുകിൽ അവർ പവർ ഗ്രൂപ്പിന്റെ ഭാഗമായിട്ടുളളവരാണ്, അല്ലെങ്കിൽ പവർ ഗ്രൂപ്പിന്റെ സ്വാധീനത്തിൽപ്പെട്ടവരാണ്. ഇതിൽക്കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വരുത്തുക തനിക്ക് സാധിക്കില്ല.
കാരണം ഞാനിതിനകം തന്നെ കുഴപ്പങ്ങൾ വരുത്തി വെച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്ത് ജീവിക്കണമെന്നും വാടക കൊടുക്കണം എന്നും നിങ്ങൾക്ക് തോന്നുന്നില്ലേ. വിമൻ ഇൻ സിനിമ കളക്ടീവിന്റെ രൂപീകരണത്തിന് ശേഷം സിനിമാ സെറ്റുകളിൽ ആളുകൾ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്. ഞങ്ങളെന്തോ ചാരന്മാരാണ് എന്ന തരത്തിലാണ് ആളുകളുടെ ഭയം.
ഒന്നും പറഞ്ഞേക്കല്ലേ, ഡബ്ല്യൂസിസി അവിടെ ഇരിപ്പുണ്ട് എന്ന തരത്തിലുളള തമാശ പറച്ചിലുകളും ഉണ്ട്. അത്തരത്തിലൊരു അലർട്ട് ഉളളത് നല്ലതാണെന്നാണ് കരുതുന്നത്. ഒരു തെറ്റ് ചെയ്യുന്നതിൽ നിന്ന് അത് തടയുന്നുണ്ട് എങ്കിൽ അതിൽ എന്താണ് കുഴപ്പം. അത്തരം ചർച്ചകളും തർക്കങ്ങളും നോർമലാകുന്നുണ്ട് എന്നത് പോസിറ്റീവായ ഒരു മാറ്റം ആണെന്നും പാർവതി പറഞ്ഞു.
മാത്രമലല്, ഫെമിനിസ്റ്റ് എന്ന പേര് കാരണം നിരവധി അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പാർവ്വതി പറയുന്നു. ഡബ്ല്യൂസിസി രൂപീകരിക്കുന്നതിന് മുൻപ് ഒന്നിന് പിറകെ ഒന്നായി വിജയ സിനിമകളുടെ ഭാഗമായിരുന്നു താൻ. തനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നു, ഒപ്പം സെൽഫികൾ എടുത്തിരുന്നു.
കളക്ടീവ് രൂപീകരിക്കുകയും അതിന് പിറകേ വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ ആരും നേരെ നോക്കാതെയായി. ഒരാളെ നിശബ്ദമാക്കാൻ ഏറ്റവും പറ്റിയ വഴി അവരുടെ അന്നം മുടക്കുക എന്നതാണല്ലോ എന്നാണ് അവർ കരുതിയത്. അവസരം ലഭിക്കാതെ എങ്ങനെയാണ് മികച്ച അഭിനേതാവായി മാറുക എന്നും പാർവ്വതി ചോദിക്കുന്നു.
വനിതാ താര സംഘടനയായ WCC എന്ന സംഘടനയിൽ അംഗത്വമെടുത്തുവെന്ന കാരണത്താൽ തന്നെ സിനിമകളിൽ നിന്ന് പുറത്താക്കുന്നു. wcc യിൽ നിന്ന് പ്രവർത്തിക്കുന്ന താരങ്ങൾക്ക് അവസരം കൊടുക്കരുതെന്ന് പുരുഷ താരങ്ങൾ തുറന്ന് പറഞ്ഞു. ഈ നടിമാരെ സിനിമയിൽ അഭിനയിപ്പിച്ചാൽ അമ്മയിലെ മുതിർന്ന താരങ്ങൾ അവരെ ചോദ്യം ചെയ്യുമെന്നും wcc യിൽ പ്രവർത്തിച്ച് സിനിമിലെ അനീതികളെ കുറിച്ച് പറഞ്ഞാൽ സിനിമയിൽ അഭിനയിപ്പിക്കില്ല എന്ന് ഭീഷണി വന്നതായുമാണ് റിപ്പോർട്ടിൽ പറയുന്നത്.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.
