വേദനിപ്പിച്ച പരാമർശം ഉണ്ടായി; ഹേമ കമ്മിറ്റി അംഗമായിരുന്ന നടി ശാരദയ്ക്കെതിരെ പാർവതി തിരുവോത്ത്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി വലിയ പ്രയത്നങ്ങൾ പാർവതിയും ഡബ്ല്യുസിസി അംഗങ്ങളും നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്ത് വിടാൻ ഹേമ കമ്മിറ്റിയോ സർക്കാരോ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് പാർവതിയിപ്പോൾ. ഹേമ കമ്മിറ്റി അംഗമായിരുന്ന നടി ശാരദയ്ക്കെതിരെ പാർവതി പരസ്യ വിമർശനം ഉന്നയിച്ചു. വേദനിപ്പിച്ച പരാമർശം ശാരദയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നാണ് പാർവതി പറയുന്നത്. ഹേമ കമ്മിറ്റിയിൽ ജസ്റ്റിസ് ഹേമയുൾപ്പെടെ മൂന്ന് സ്ത്രീകളാണുള്ളത്. പ്രഗൽഭ നടി ശാരദയുമുണ്ട്.
ഹേമ കമ്മിറ്റിക്ക് മുന്നിൽ എട്ട് മണിക്കൂറാണ് സംസാരിച്ചത്. ഒരു പതിറ്റാണ്ട് ഞാൻ കടന്ന് പോയ കാര്യങ്ങൾ അവരുടെ മുന്നിൽ തുറന്ന് പറഞ്ഞു. ലൈംഗികാതിക്രമം മാത്രമല്ല പ്രശ്നങ്ങൾ. അവർ ഞാൻ പറയുന്നതെല്ലാം എഴുതുകയാണ്. ഓരോ പേജും എഴുതിക്കഴിഞ്ഞ് നമ്മൾക്ക് വായിച്ച് കേൾപ്പിക്കും. ട്രോമയിൽ റീ ലിവ് ചെയ്യേണ്ടി വരുന്നത് ഭ്രാന്ത് പിടിപ്പിക്കും.
എല്ലാം പറഞ്ഞിട്ടും കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ചോരയും നീരും നൽകിയാണ്, നിങ്ങളും കഠിനാധ്വാനം ചെയ്തു കമ്മിറ്റി റിപ്പോർട്ട് എവിടെയെന്ന് ഞങ്ങൾ ചോദിച്ചു. ഇത്രയും പ്രശ്നമാണ് ഇൻഡസ്ട്രിയിൽ നിൽക്കാനെങ്കിൽ എന്തുകാെണ്ട് നിങ്ങൾക്ക് ഈ രംഗം വിട്ടുകൂടാ, നിങ്ങൾ പ്ലോബ്ലമാറ്റിക്കാണ് എന്നാണ് ശാരദ മാം പറഞ്ഞത്. ഈ സ്ത്രീക്ക് മുന്നിലാണ് ഞാനെന്റെ ആത്മാവ് തുറന്ന് കാണിച്ചത്. ഞാനും ഒരുപാട് സ്ത്രീകളും.
വർക്ക് ചെയ്യാനുള്ള അർഹതപ്പെട്ട ഇടം ചോദിച്ചതിന് ഞങ്ങളോട് ഇവിടം വിടാനാണ് പറയുന്നത്. ഒരു പുരുഷൻ ഗ്യാസ് ലെെറ്റ് ചെയ്താൽ എനിക്കത് കൈകാര്യം ചെയ്യാം. പക്ഷെ ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ വേദന തോന്നും. എവിടെയാണ് അനുകമ്പ. സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് മുന്നിൽ പോയിട്ട് അവർ പറയുന്നത് നിങ്ങൾ വെറുതെ പരാതിപ്പെടുകയാണ് എന്നാണ്. സംഭവിച്ചത് കൊണ്ടല്ലേ പരാതിപ്പെടുന്നതെന്നും പാർവതി ചോദിക്കുന്നു.
ഓഗസ്റ്റ് 19 ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനയിൽ പല തരത്തിലുള്ള ഉലച്ചിലുകൾ സംഭവിക്കുന്നത്. സ്വകാര്യ വിവരങ്ങളെല്ലാം ഒഴിവാക്കി പുറത്ത് വന്ന 233 പേജുള്ള റിപ്പോർട്ടിലൂടെ മലയാള സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമെല്ലാം പുറം ലോകമറിഞ്ഞു.
തുടർച്ചയായ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും രാജികൾക്കും പിന്നാലെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ എല്ലാ ഭാരവാഹികളും അമ്മയിൽ നിന്ന് രാജിവച്ചു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കുമെന്നാണ് അമ്മയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. സഹകരിക്കുന്നവർക്ക് കോഡ് പേരുകൾ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെടുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അരക്ഷിതർ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മദ്യവും മയക്കുമരുന്നും ലഹരിയും സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു. ഏതാനും നിർമ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷൻ കൺട്രോളർമാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
