മികച്ച നടി ഇനി ബെന്സിലെത്തും ….
ചോല, ഒരു കുപ്രസിദ്ധ പയ്യന് എന്നീ സിനിമകളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിമിഷ സജയന് ബെന്‍സ് കാര്‍ സ്വന്തമാക്കി. ബെന്‍സിന്റെ പ്രീമിയം ലക്ഷ്വറി ഹാച്ച്ബാക്കായ മേഴ്സിഡസ് ബെന്‍സ് എ ക്ലാസ് മോഡലാണ് നിമിഷ സ്വന്തമാക്കിയത്.
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് താരം തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വപ്നവാഹനവും സ്വന്തമാക്കിയിരിക്കുന്നത്. ടകാച്ചിയിലെ രാജശ്രീ മോട്ടോഴ്സില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്. ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 2.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എ ക്ലാസിന് കരുത്തേകുന്നത്. 3600 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി പവറും 1400 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 7 ജി ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷനാണിതിലുള്ളത്. 18 കിലോമീറ്ററോളം മൈലേജും ലഭിക്കും.
2017ല്‍ സിനിമാലോകത്തെത്തിയ നിമിഷ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ആകെ അഞ്ചു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. കെയര്‍ ഓഫ് സൈറ ബാനു, തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട, മാംഗല്ല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യന്, ചോല എന്നിവയാണവ. ഇതില്‍ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധനേടുകയുണ്ടായി.
ശേഷം ‘ഈട’, ‘ഒരു കുപ്രസിദ്ധ പയ്യന്’ എന്നീ ചിത്രങ്ങളിലും മികച്ച അഭിനയത്തിലൂടെ ശ്രദ്ധനേടി. ‘ചോല’ എന്ന സനല്‍കുമാര്‍ ശശിധരന് ചിത്രം തിയറ്ററുകളിലെത്തുന്നേയുള്ളൂ.
ചിത്രത്തിന്റെ ടീസര്‍ ഇതിനകം തരംഗമായികഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ 15 വയസ്സുള്ള ഒരു സ്കൂള്‍ കുട്ടിയായിട്ടാണ് നിമിഷ അഭിനയിക്കുന്നത്. മൂന്ന് ഗെറ്റപ്പിലാണ് ചിത്രത്തില്‍ നിമിഷ എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിമിഷയാണ് നായികയെന്നും സൂചനയുണ്ട്. ബിജുമേനോനാണ് നായകനാകുന്നത്.
Actress Nimisha sajayan Bought A benz car…
