ഒന്നരവർഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി-ലിജോ
മലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എത്തുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട് ഘടകങ്ങൾ മലൈക്കോട്ടൈ വാലിബനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. അമർ ചിത്രകഥ, പഞ്ചതന്ത്രകഥ, മറ്റുകോമിക് പുസ്തകങ്ങൾ എന്നിവയും ചിത്രത്തിന് ബലമേകിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം തന്നെ വിഷമിപ്പിച്ചു. അത്രയും അധ്വാനിച്ചാണ് സിനിമയെടുത്തത്, അത് ആഘോഷിക്കണമെന്നല്ല പറയുന്നത്. വിമർശനങ്ങളെ ആ രീതിയിലെടുക്കും. എന്നാൽ വാലിബന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ ചർച്ച തികച്ചും തെറ്റായ ദിശയിലായിരുന്നുവെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. “എനിക്കാ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ടദുദിവസങ്ങളിലെ പ്രതികരണങ്ങൾ. ഒന്നരവർഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തിൽ ഇന്നേവരെ വന്നതിൽ ഏറ്റവും മോശം സിനിമ എന്ന ചർച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഃഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്. എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.” ലിജോ പറഞ്ഞു. ഒരു സിനിമയുടെപേരിൽ പ്രേക്ഷകർ പരസ്പരം കല്ലേറു നടത്തുന്നത് അംഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കിൽ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിർബന്ധിക്കരുത്. സിനിമയുടെ യഥാർത്ഥ താളം എന്താണെന്ന് മനസിലാക്കത്തക്കവിധമുള്ള മറ്റൊരു ട്രെയിലർ ഇറക്കാമായിരുന്നെന്നും ലിജോ കൂട്ടിച്ചേർത്തു.
