Malayalam
മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു.
നിശബ്ദത ഇതിനു പരിഹാരമാകില്ല’- എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 10 ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. അന്വേഷണത്തിന് പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിയിലെ വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
റിപ്പോർട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്നാണ് കോടതി നൽകിയ നിർദ്ദേശം.
233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.