Malayalam
എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്; ബറോസ് കണ്ട ശേഷം പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്; ബറോസ് കണ്ട ശേഷം പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഇപ്പോഴിതാ ചിത്രം കണ്ട് ഇറങ്ങിയ ശേഷം ചിത്രത്തിെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലശ്ശേരി. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ബറോസ് എന്നാണ് അദ്ദേഹം പറയുന്നത്.
മലയാളത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഒരു സിനിമ എക്സ്പീരിയൻസ് തരുന്നുണ്ട് ഈ ചിത്രം. പ്രത്യേകിച്ചും അതിൻറെ സാങ്കേതിക മേഖലകളൊക്കെ ഗംഭീരമായി ചെയ്തിട്ടുണ്ട്. 3 ഡി അനുഭവം വളരെ വളരെ അടുത്തുനിൽക്കുന്ന, സ്വാധീനമുണ്ടാക്കുന്ന തരത്തിൽ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നു ഫാൻറസി എലമെൻറ് ഉള്ള ഒരു ബ്രോഡ്‍വേ മ്യൂസിക്കൽ കാണുന്ന ഒരു സുഖം തരുന്നുണ്ട് ചിത്രം.
അത് മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികൾ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ് എന്നും ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ക്രസ്തുമസ് റിലീസായി ഡിസംബർ 25 നാണ് ബറോസ് തിയറ്ററുകളിലെത്തിയത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമാണ് ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിച്ചതെന്നാണ് ആരാധകർ പറയുന്നത്. 3D യിലാണ് ചിത്രമെത്തിയത്.
ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.
