Malayalam
ഞാൻ നിലവിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ ഭാഗമല്ല; ലിജോ ജോസ് പെല്ലിശ്ശേരി
ഞാൻ നിലവിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ ഭാഗമല്ല; ലിജോ ജോസ് പെല്ലിശ്ശേരി
മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മലയാള സിനിമയിലെ പുതിയ സംഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ’ ഭാഗമല്ല താനെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. കുറപ്പ് ഇങ്ങനെയായിരുന്നു;
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല . സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു .ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ പുതിയ സംഘടന വരുന്നുവെന്നുള്ള വിവരം പുറത്തെത്തിയത്. ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്നാണ് സംഘടനയുടെ പേര്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് സംവിധായക അഞ്ജലി മേനോൻ അറിയിച്ചിരുന്നു.
അതേസമയം, തൊഴിലാളികളുടെ ശാക്തീകരണമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുടെ ലക്ഷ്യം. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്.
‘സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംബങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.
പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളു. നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം എന്നുമാണ് കത്തിൽ പറയുന്നത്.