Malayalam
ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സത്യഭാമയുടെ അഭിമുഖം സംപ്രേഷണംചെയ്ത യൂട്യൂബ് ചാനൽ ഉടമയും കേസിൽ രണ്ടാം പ്രതിയുമായ സുമേഷിന് ജാമ്യമനുവദിക്കാനും കോടതി ഉത്തരവിട്ടു. നെടുമങ്ങാട് പട്ടികജാതി-പട്ടികവർഗ സ്പെഷ്യൽ കോടതിയുടേതാണ് നടപടി. ജാത്യധിക്ഷേപം നിഷേധിച്ചുകൊണ്ടായിരുന്നു സത്യഭാമയുടെ വാദം. എന്നാൽ, പട്ടികവിഭാഗത്തിൽനിന്നുള്ള ഒരാളെന്ന മുൻകൂർ അറിവോടെതന്നെ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നതു ശിക്ഷാർഹമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.ഗീനാകുമാരി വാദിച്ചു. ആർ.എൽ.വി. രാമകൃഷ്ണന്റെ മറ്റൊരു പരാതിയിൽ മുൻപ് സത്യഭാമ നിയമപരമായി ഹാജരായിട്ടുണ്ട്. അതിനാൽ, പട്ടികവിഭാഗക്കാരനെന്നു മുൻകൂർ വിവരമില്ല എന്ന വാദത്തിൽ കഴമ്പില്ല. ആളുകൾക്കു മനസ്സിലാവുന്ന തരത്തിലുള്ള വിശേഷണങ്ങളോടെയാണ് സത്യഭാമ യൂട്യൂബ് ചാനലിൽ ആർ.എൽ.വി. രാമകൃഷ്ണനെക്കുറിച്ച് ദുരുദ്ദേശ്യത്തോടെയുള്ള പരാമർശങ്ങൾ നടത്തിയതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതിന് പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്‍.എല്‍,.വി രാമകൃഷ്ണന്‍ അന്ന് പറഞ്ഞിരുന്നു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെ അരോജകമായി മറ്റൊന്നുമില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
വിവാദത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ അധിക്ഷേപകരമായ പരാമര്‍ശമാണ് സത്യഭാമ നടത്തിയത്. കറുത്തവരെ കാണാന്‍ കൊള്ളില്ലെന്നാണ് തന്റെ കാഴ്ചപ്പാടാണെന്നും താന്‍ സൗന്ദര്യമുള്ള ആളാണെന്നും സത്യഭാമ പറഞ്ഞിരുന്നു. ”കറുത്ത ആള്‍ക്കാര്‍ കാണാന്‍ കൊള്ളില്ലെന്ന് എന്റെ കാഴ്ചപ്പാടില്‍ അല്ലേ ഞാന്‍ പറയുന്നത്. എനിക്ക് സൗന്ദര്യമുണ്ട്. ഞാന്‍ സൗന്ദര്യം ആസ്വദിക്കുന്ന ഒരാളാണ്. കലാഭവന്‍ മണിയെ എനിക്കറിയാം. പക്ഷേ നിങ്ങള്‍ രണ്ടാമത് പറഞ്ഞ വ്യക്തിയെ എനിക്കറിയില്ല. ഞാന്‍ അയാളുടെ പേര് പറഞ്ഞിട്ടില്ല. കലയ്ക്ക് സൗന്ദര്യം വേണം. പ്രത്യേകിച്ച് മോഹനിയാട്ടത്തിന് സൗന്ദര്യം വേണം. നിങ്ങള്‍ പറഞ്ഞ വ്യക്തിയുടെ കൂടെ നിങ്ങള്‍ എല്ലാവരും കൂടിക്കോളൂ. മോഹനിയാട്ടത്തിന് അത്യാവശ്യം സൗന്ദര്യം വേണം. കറുത്തവര്‍ എന്റെ അടുത്ത് പരിശീലനത്തിന് വന്നാല്‍ പഠിച്ചോളൂ. പക്ഷേ മത്സരത്തിന് പോകണ്ട, വല്ല അമ്പലത്തിലും പോയി കളിച്ചോളൂ എന്ന് പറയും. മത്സരത്തില്‍ സൗന്ദര്യം എന്ന കോളമുണ്ട്. അതില്ലെങ്കില്‍ മാര്‍ക്ക് കിട്ടില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.