Malayalam
ചരിത്രത്തിലാദ്യം; കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി ആർ എൽ വി രാമകൃഷ്ണൻ
ചരിത്രത്തിലാദ്യം; കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി ആർ എൽ വി രാമകൃഷ്ണൻ
കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആണ് രാമകൃഷ്ണനെ നിയമിച്ചത്. ഇന്ന് കലാമണ്ഡലത്തിൽ ജോലിയിൽ പ്രവേശിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം കേരള കലാമണ്ഡലം എടുത്തത്.
നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആർ എൽ വി രാമകൃഷ്ണൻ ജോലി നേടിയത്. പുരുഷൻമാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആർ എൽ വി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ വിമർശനമുന്നയിച്ചത് വൻ വിവാദമായിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ രാമകൃഷ്ണനെതിരെ അധിക്ഷേപം നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം.
ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’ എന്നാണ് സത്യഭാമ പറഞ്ഞത്.
പിന്നാലെ, ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തുകയായിരുന്നു. കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു തന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നാണ് രാമകൃഷ്ണൻ പറഞ്ഞത്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ചിഡി നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.
