Malayalam
ചേച്ചി ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു; കലാഭവൻ മണിയുടെ മൂത്ത സഹോദരി അന്തരിച്ചു; ദുഃഖം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ
ചേച്ചി ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു; കലാഭവൻ മണിയുടെ മൂത്ത സഹോദരി അന്തരിച്ചു; ദുഃഖം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 9 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
ഇപ്പോഴിതാ മണിയുടെ കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് മൂത്ത സഹോദരിയുടെ വിയോഗം. കലാഭവൻ മണിയുടെ മൂത്ത സഹോദരിയായ അമ്മിണിയാണ് വിടവാങ്ങിയത്. 78 വയസായിരുന്നു പ്രായം. സഹോദരി ഓർമയായ ദുഃഖം പങ്കുവച്ച് ഇളയ സഹോദരനായ ആർഎൽവി രാമകൃഷ്ണനും വന്നിരുന്നു. മാർച്ച് 26നായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മണിയുടെ കുടുംബത്തിലെ മൂത്ത സഹോദരിയാണ്.
ഞങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തോടൊപ്പം ചേർന്നു നിൽക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. എന്നെക്കാൾ കുറച്ചധികം വയസ് വ്യത്യാസമുണ്ട് ചേച്ചിക്ക്. അതുകൊണ്ടു തന്നെ അമ്മയുടെ സ്ഥാനമാണ് ചേച്ചിക്ക്. കുട്ടിക്കാലത്തെ സ്കൂൾ അവധികാലം ആഘോഷിക്കുന്നത് മറ്റു ചേച്ചിമാർ ഉണ്ടെങ്കിലും മൂത്ത ചേച്ചിയുടെ വീട്ടിലേക്ക് പോകാനാണ് ഏറെ താൽപര്യം.
ചേച്ചിയുടെ രണ്ട് മക്കൾ എന്നെക്കാൾ മുതിർന്നവരാണ്. അവരുടെ കുഞ്ഞു അമ്മാവനായിരുന്നു ഞാൻ. വൈകുന്നേരങ്ങളിൽ എല്ലാവരും കൂടി ചേർന്ന സമയങ്ങളിലെ പാട്ടും കൂത്തും എന്നിലെ കലാകാരന് വലിയ പ്രോത്സാഹനമായിരുന്നു. ആ സമയത്ത് കിട്ടുന്ന കപ്പലണ്ടിയും കട്ടൻ കാപ്പിയുടെ രുചി ഇന്നും നാവിലുണ്ട്. ആ പട്ടിണികാലത്ത് സ്കൂൾ തുറക്കുമ്പോൾ അളിയനും പെങ്ങളും കൂലി പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് പിടിച്ച് അവിടെ ആഴ്ചകൾ തോറും തുണികച്ചവടത്തിന് വരുന്ന തമിഴന്റെ കയ്യിൽ നിന്നും വാങ്ങി തരുന്ന ഒരു ജോഡി ട്രൗസറിന്റെയും ഷർട്ടിന്റെയും തുണി വാങ്ങി തന്ന് സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ കൊണ്ടു വിടുക.
ചേച്ചി ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു. ഞങ്ങളുടെ 5 സഹോദരിമാരും ഒരുമിച്ചായിരുന്നു ഞങ്ങളുടെ യാത്രകൾ. അതിലൊരാൾ ഇനിയില്ല എന്നത് സങ്കൽപിക്കാൻ പറ്റാത്തതാണ് എന്നാണ് ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ. വെള്ളാങ്ങല്ലൂർ ആനയ്ക്കച്ചിറ പരതേനായ രാമൻകുട്ടിയാണ് അമ്മിണിയുടെ ഭർത്താവ്. മക്കൾ: ബേബി, ഗീത, ഹരി. മരുമക്കൾ: സുബ്രൻ, ബാബു, സ്മിത.
