‘ഇപ്പോഴത്തെ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ് ഉള്ളതാണ്; കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്നമാവുന്നത്; വിനോദ് കോവൂര്‍
സിനിമയിലും ഹാസ്യ പരമ്പരകളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂര്‍. നാടകത്തിലൂടെയായാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം തുടങ്ങിയത്. മിമിക്രിയും ഹാസ്യ പരമ്പരകളും സിനിമയും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് അദ്ദേഹം. എം80 മൂസ, മറിമായം തുടങ്ങിയ പരമ്പരകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
. അതേ സമയം മലയാള സിനിമയിലെ കോമഡികളുടെ നിലവാരം വളരെ താഴേക്ക് പോവുന്നതിനെ പറ്റി പറയുകയാണ് വിനോദ്. അശ്ലീലം കോമഡിയായി മാറുകയാണെന്നും അത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേ വിനേദ് വെളിപ്പെടുത്തി.
മലയാള സിനിമയിലെ കോമഡിയെ കുറിച്ചാണ് ആനി വിനോദിനോട് ചോദിച്ചത്. ‘ഇപ്പോഴത്തെ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ് ഉള്ളതാണ്. അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതിയാണ്. അതിപ്പോള്‍ റിയാലിറ്റി ഷോകളിലും കോമഡി റിയാലിറ്റി ഷോ കളിലും സിനിമയിലുമൊക്കെ കാണുന്നുണ്ട്. കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്നമാവുന്നത്. എല്ലാവരും ചിരിക്കും. കുട്ടികള്‍ മാത്രം ചിരിക്കില്ല. അന്നേരം അച്ഛാ ഇതെന്തിനാണ് ചിരിച്ചതെന്ന് ചോദിച്ചാല്‍ ആ അച്ഛന്റെ ഉത്തരം മുട്ടി പോകും. ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.
സത്യന് അന്തിക്കാടിന്റെയൊക്കെ സിനിമകളില്‍ എത്ര കോമഡികളുണ്ട്. അതൊക്കെ ഇങ്ങനെ കാണിച്ചിട്ടാണോ, എത്ര നിഷ്കളങ്കമായ കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ആളുകള്‍ ചിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ ഡബ്ബിള്‍ മീനിങ്ങുകളും അശ്ലീലവും പറയാതെ കോമഡി പറയാന്‍ പറ്റില്ലെന്നതാണ്. അതിലേക്ക് നമ്മുടെ മലയാള സിനിമയും എത്തിയിരിക്കുന്നു.ട്രൂപ്പിനൊപ്പം പ്രോഗ്രാം അവതരിപ്പിക്കാന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിനോദ് പങ്കുവെച്ചിരുന്നു. പ്രോഗ്രാം കഴിഞ്ഞതിന് ശേഷം കമ്മിറ്റിക്കാര് വന്ന് എന്നെ അഭിനന്ദിച്ചു. വളരെ നന്നായെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വേറൊരു ട്രൂപ്പ് ഇവിടെ വന്നു. അവരുടെ പരിപാടി പകുതി ആയപ്പോള്‍ തന്നെ ഞങ്ങള്‍ നിര്‍ത്തിച്ചു.
കാരണം ഇവര്‍ പറയുന്നത് മുഴുവന്‍ അശ്ലീലമാണ്. അവിടെ കുടുംബസമേതമാണ് എല്ലാവരും പരിപാടി കാണുന്നത്. ഇതോടെ ഇനി നിങ്ങള്‍ പരിപാടി അവതരിപ്പിക്കേണ്ടെന്ന് പറഞ്ഞ് പകുതിയ്ക്ക് വെച്ച് അവരെ പിരിച്ച് വിട്ടു. അവിടെ നിങ്ങള്‍ വേറിട്ട് നില്‍ക്കുകയാണെന്നാണ് ഞങ്ങളോട് അവര്‍ പറഞ്ഞതെന്നും വിനോദ് സൂചിപ്പിച്ചു.
എന്നെ ചിലര്‍ വേറെ ട്രൂപ്പിലേക്ക് വിളിച്ച് സ്കിറ്റ് ചെയ്യാന്‍ പറയുമ്പോള്‍ ഇത്തരം ഡയലോഗുകള്‍ വരും. അയ്യോ ഇതൊക്കെ ചെയ്യണോ എന്ന ചടപ്പ് തോന്നും. ഇത് പറയാന്‍ പറ്റില്ലെന്ന് തന്നെ പറയും. ഞാന്‍ എഴുതുന്നതും ചെയ്യുന്നതുമായ സ്കീറ്റിലൊന്നും ഇത്തരം ഡയലോഗുകളൊന്നും ഉണ്ടാവില്ല. കുടുംബസമേതം വന്ന് കാണാവുന്നതായിരിക്കും. അത് 916 ആയിരിക്കുമെന്നും വിനോദ് കൂട്ടിച്ചേര്‍ക്കുന്നു.
