Connect with us

പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍

Movies

പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍

പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുപതുകളില്‍ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഹൃദയത്തിന് ശേഷം വിനീത് പ്രണവ് കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്. കൂടാതെ 2013 ല്‍ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകള്‍ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം.

അതേസമയം നസ്ലെന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രത്തില്‍ വിനീതിന്റെ മുന്‍ചിത്രമായ ഹൃദയത്തെ ട്രോളുന്ന ചില രംഗങ്ങളുണ്ട്. കണ്ണില്‍ നോക്കി പെണ്‍കുട്ടി സിംഗിള്‍ ആണെന്ന് പറയുന്നതും, കോളേജിലെ സീക്രട്ട് ആലിയുടെയും റെഫറന്‍സുകള്‍ പ്രേമലുവില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ടെന്നും, അതുപോലെ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പോത്തേട്ടനെയും ശ്യാം പുഷ്‌കരനെ കുറിച്ചുമെല്ലാം പറയുന്നുണ്ടെന്നുമാണ് വിനീത് പറഞ്ഞത്. കൂടാതെ എല്ലാം നമ്മുടെ ആളുകള്‍ ആയതുകൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നുമാണ് വിനീത് പറയുന്നത്.

‘വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ഞങ്ങള്‍ ഒരുപാട് ട്രോളുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അപ്പുവിനെ ഞങ്ങള്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. ആ സീനില്‍ അപ്പു തന്നെ ഡബ്ബും ചെയ്തിട്ടുണ്ട്.
നിവിന്‍ നമ്മുടെ അടുത്ത സുഹൃത്താണ്. അവന്‍ ഭീകരമായി നമ്മളെ അറ്റാക്ക് ചെയ്യുന്നുണ്ട്. നിവിന്‍ പറയുന്ന, അവന്റെ മകനും ഇവന്റെ മകനും എന്നൊക്കെയുള്ള ഡയലോഗുകള്‍ നമുക്കുള്ള അറ്റാക്കാണ്. അങ്ങനെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമാവുമ്പോള്‍ പ്രശ്‌നം ഇല്ലല്ലോ.

അതുപോലെ ഇതില്‍, അതെ അതെ എന്ന് പറയുന്ന ഒരു സാധനമുണ്ട്. അത് ഷാനുവിന് ഉള്ളതാണ്. അവനും നമ്മുടെ സുഹൃത്താണ്. ഇതൊന്നും ആര്‍ക്കും പ്രശ്‌നമാവുന്ന കാര്യങ്ങളുമല്ല ആളുകളുമല്ല. പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പോത്തേട്ടനെയും ശ്യാമിനെയും കുറിച്ചുമെല്ലാം പറയുന്നുണ്ട്. എല്ലാം നമ്മുടെ ആളുകള്‍ ആയതുകൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.’ എന്നാണ് സൈനക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞത്.

More in Movies

Trending