Connect with us

വിജയകാന്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍

News

വിജയകാന്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍

വിജയകാന്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍

നടനും ഡിഎംഡികെ സ്ഥാപകനും മുന്‍ പ്രതിപക്ഷ നേതാവുമായ വിജയകാന്തിന് ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് ചെന്നൈ കോയമ്പേടുള്ള ഡി.എം.ഡി.കെ. ആസ്ഥാന വളപ്പിലായിരുന്നു സംസ്‌കാരം. വിജയകാന്തിന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് പാര്‍ട്ടി ആസ്ഥാനത്ത് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ചെന്നൈ കോര്‍പ്പറേഷന്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഭാര്യയും ഡി.എം.ഡി.കെ. ജനറല്‍ സെക്രട്ടറിയുമായ പ്രേമലതയുടെ സാന്നിധ്യത്തില്‍ മക്കളായ ഷണ്‍മുഖ പാണ്ഡ്യനും വിജയ് പ്രഭാകരനും അന്ത്യകര്‍മങ്ങള്‍ നടത്തി.

വെള്ളിയാഴ്ച രാവിലെ മറീന കടല്‍ക്കരയ്ക്കടുത്ത ഐലന്‍ഡ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോഴേക്കും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളുമുള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. ഗവര്‍ണര്‍ ആര്‍.എന്‍. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.കെ. വാസന്‍, നടന്മാരായ രജനീകാന്ത്, കമല്‍ഹാസന്‍, പ്രഭു, പാര്‍ഥിപന്‍, ഭാഗ്യരാജ്, ഖുശ്ബു തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഐലന്‍ഡ് ഗ്രൗണ്ടില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിലാപയാത്ര കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്തേക്കു പുറപ്പെട്ടു. പുഷ്പവൃഷ്ടി നടത്തിയും കണ്ണീരണിഞ്ഞും പതിനായിരങ്ങള്‍ വിലാപയാത്രയ്‌ക്കൊപ്പം ചേര്‍ന്നു. സംസ്‌കാരച്ചടങ്ങില്‍ 200 പേര്‍ക്കുമാത്രമേ അനുമതി നല്‍കിയിരുന്നുള്ളൂ. സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാവുന്നതു വരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവിടെത്തന്നെയുണ്ടായിരുന്നു.

വിജയകാന്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍ എത്തിയിരുന്നുവെന്ന് ഭാര്യയും ഡി.എം.ഡി.കെ. ജനറല്‍ സെക്രട്ടറിയുമായ പ്രേമലത പറഞ്ഞു. വിജയകാന്തിന്റെ മനുഷ്യ സ്‌നേഹവും സദ്പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം. തമിഴ്‌നാട്ടില്‍ മറ്റൊരുനേതാവിനും ഇത്തരമൊരു അന്ത്യയാത്ര ഉണ്ടായിട്ടില്ല.

ഡി.എം.ഡി.കെയുടെ മുദ്രയുള്ള മോതിരം അണിയിച്ച്, പാര്‍ട്ടിപതാക പുതപ്പിച്ചാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. വിജയകാന്തിന്റെ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ പരമാവധിശ്രമിക്കുമെന്നും സംസ്‌കാരചടങ്ങുകള്‍ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രേമലത പറഞ്ഞു.നേതാവിന് അന്ത്യാഞ്ജലിയര്‍പ്പിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.

ഐലന്‍ഡ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കാന്‍ അനുമതിനല്‍കിയ തമിഴ്‌നാട് സര്‍ക്കാരിനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിച്ച രാഷ്ട്രീയനേതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി .സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയ ചടങ്ങുകളില്‍ സഹകരിച്ചവര്‍ക്കും പ്രേമലത നന്ദി പറഞ്ഞു.

More in News

Trending

Recent

To Top