News
‘സന്ദേശം’ കണ്ട് പിറ്റേന്ന് തന്നെ ഞാന്‍ വക്കീലാപ്പീസില്‍ പോയി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി; വിഡി സതീശന്‍
‘സന്ദേശം’ കണ്ട് പിറ്റേന്ന് തന്നെ ഞാന്‍ വക്കീലാപ്പീസില്‍ പോയി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി; വിഡി സതീശന്‍
സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ, ക്ലാസിക് എന്ന് വിശേഷണമുള്ള ചിത്രമാണ് സന്ദേശം. മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രം കൂടിയാണിത്. ഈ ചിത്രം തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കെ.എസ്.യു വിടാനുള്ള മടി കാരണം ജോലിക്ക് പോവാതെ നടന്നിരുന്ന തന്നെ ജോലിക്ക് പോകാന്‍ പ്രേരിപ്പിച്ചത് സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് വേദിയിലിരിക്കേയായിരുന്നു വി.ഡി. സതീശന്റെ വെളിപ്പെടുത്തല്‍. അന്തിക്കാട് കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ജി. ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്ത് സംസാരിക്കവേയാണ് സന്ദേശം എന്ന ചിത്രം എത്രമാത്രം സ്വാധീനമാണ് ചെലുത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.
വക്കീല്‍ പരീക്ഷയൊക്കെ എഴുതി നല്ല മാര്‍ക്കോടെ പാസായി. എന്റോള്‍ ചെയ്തു. എങ്കിലും കെ.എസ്.യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാന്‍ പോയിരുന്നില്ല. കുറേക്കാലം ഉഴപ്പി നടന്നു. അതിനിടയിലാണ് സന്ദേശം എന്ന സിനിമ കണ്ടതെന്ന് സതീശന്‍ ഓര്‍ത്തെടുത്തു.
സിനിമയുടെ ക്ലൈമാക്‌സില്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ശ്രീനിവാസന്‍ വക്കിലായി പ്രാക്ടീസ് ചെയ്യാന്‍ പോകുകയാണ്. എനിക്കാണെങ്കില്‍ വക്കീല്‍ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാന്‍ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. സിനിമ കണ്ടതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ വക്കീലാപ്പീസില്‍ പോയി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ഇക്കാര്യം ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
”ഇന്ന് ഏറ്റവും വലിയ പിന്‍ബലം കുറച്ച് നാളെങ്കിലും പ്രാക്ടീസ് ചെയ്തതിന്റെ സന്തോഷമാണ്. നിയമപരമായി കുറച്ച് കാര്യങ്ങള്‍ സംസാരിക്കുമ്പോഴും നിയമനിര്‍മാണത്തില്‍ ഇടപെടുമ്പോഴും അഞ്ചെട്ട് കൊല്ലക്കാലം പ്രാക്ടീസ് ചെയ്തതിന്റെ അനുഭവമാണ് സഹായിക്കുന്നത്. അതിന്റെ കാരണഭൂതനാണ് സത്യന്‍ അന്തിക്കാട്. ആ സിനിമ കണ്ട ശേഷം പ്രാക്ടീസ് തുടങ്ങുകയും രാത്രി ഒരുമണി വരെയൊക്കെ ആത്മാര്‍ത്ഥതയോടെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാന്‍ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു.” എന്നും സതീശന്‍ പറഞ്ഞു.