Connect with us

കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്‍, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Malayalam

കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്‍, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്‍, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാറെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

പിണറായി വിജയന്റെ വാക്കുകള്‍;

കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാര്‍. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘സുകൃതം’ ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്.

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ സിനിമ നേടുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള ‘ഉദ്യാനപാലകന്‍’, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള ‘ജാലകം’, എം മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള ‘കഌന്റ്’ തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.

വിഡി സതീശന്റെ വാക്കുകള്‍;

വാണിജ്യ സിനിമയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാര്‍. സുകൃതം എന്ന ചലച്ചിത്രം മാത്രം മതി ഹരികുമാര്‍ എന്ന സംവിധായകന്റെ പ്രതിഭ മനസിലാക്കാന്‍. ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് അങ്ങനെ എത്രയെത്ര ഹിറ്റുകള്‍.

എം.ടി വാസുദേവന്‍ നായര്‍ അടക്കമുള്ള എണ്ണം പറഞ്ഞ സാഹിത്യകാരന്‍മാരുടെ സൃഷ്ടികള്‍ ഹരി കുമാറിന്റെ സംവിധാന മികവില്‍ കലാതിവര്‍ത്തിയായ ചലച്ചിത്രങ്ങളായി. അനുഗ്രഹീതനായ ഒരു കലാകാരനെയാണ് ഹരികുമാറിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top