News
വരാഹരൂപം തിയേറ്ററിലോ ഒടിടിയിലോ പ്രദര്‍ശിപ്പിക്കുന്നത് താത്കാലികമായി തടഞ്ഞ് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി
വരാഹരൂപം തിയേറ്ററിലോ ഒടിടിയിലോ പ്രദര്‍ശിപ്പിക്കുന്നത് താത്കാലികമായി തടഞ്ഞ് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി
ഏറെ ജനശ്രദ്ധ നേടിയ കന്നഡ ചിത്രമായിരുന്നു കാന്താര. ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി വിവാദങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ ഈ ഗാനം തിയേറ്ററിലോ ഒടിടി പ്ലാറ്റ് ഫോമിലോ പ്രദര്‍ശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി കെഇ സാലിഹ് താത്കാലികമായി തടഞ്ഞിരിക്കുകയാണ്.
പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഈ ഉത്തരവ്. ഗാനം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മാതൃഭൂമിയ്ക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം ഗാനത്തിന്റെ പേരിലുള്ള വാണിജ്യതര്‍ക്കമാണ് കോടതിയിലെത്തിയത്.
നവരസം ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീതസംവിധായകന് തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയപോലെ ഗാനത്തിലെ സാദൃശ്യം പ്രാഥമിക നിഗമനത്തില്‍ത്തന്നെ വ്യക്തമാണെന്നും കോടതി പറഞ്ഞു. പകര്‍പ്പവകാശനിയമം സെക്ഷന്‍ 64 പ്രകാരം പോലീസിനുതന്നെ രേഖകള്‍ പിടിച്ചെടുക്കാമെന്ന് കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം ശരിയായരീതിയില്‍ പുരോഗമിക്കുന്നില്ലെന്ന മാതൃഭൂമിയുടെ പരാതിയിലാണ് കോടതി നിര്‍ദേശമുണ്ടായത്. സംഗീതസംവിധായകന് പകര്‍പ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ ഓഡിയോ വര്‍ക്ക് സ്റ്റേഷന് പരിശോധിച്ച് അതിന്റെ അസല്‍ പകര്‍പ്പും പ്ലേറ്റുകളും തര്‍ക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണോദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു.
ഒറിജനലായി ഈ ഗാനം ഉണ്ടാക്കിയവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായിട്ടുണ്ടെന്ന് ഈ കേസില്‍ ഹൈക്കോടതിയും നിരീക്ഷിച്ചതാണ്. കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മേയ് നാലിനുമുമ്പേ കോടതിയെ അറിയിക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. സൂരജ് നിര്‍ദേശിച്ചിരുന്നു.
