News
മാരി സെല്‍വരാജ് ചിത്രത്തിനായി എ ആര് റഹ്മാന് ഈണം പകര്‍ന്ന ഗാനം ആലപിച്ച് വടിവേലു
മാരി സെല്‍വരാജ് ചിത്രത്തിനായി എ ആര് റഹ്മാന് ഈണം പകര്‍ന്ന ഗാനം ആലപിച്ച് വടിവേലു
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മാരി സെല്‍വരാജ് ചിത്രമാണ് ‘മാമന്നന്’. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുകയാണ് നടന് വടിവേലു. ഇതിന് മുന്‍പ് നിരവധി ഗാനങ്ങള്‍ ആലപിച്ച വടിവേലു ആദ്യമായിട്ടാണ് എ ആര് റഹ്മാന് ഈണം പകര്‍ന്ന ഗാനം ആലപിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി ഏതാനും നാളുകള്‍ക്കു ശേഷമാണ് അദ്ദേഹം റെക്കോര്‍ഡിംഗിന് റഹ്മാന്റെ സ്റ്റുഡിയോയില്‍ എത്തിയത്. റഹ്മാന് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വടിവേലു ഗാനം ആലപിച്ച കാര്യം അറിയിച്ചത്.
വടിവേലുവിന്റെ ഒപ്പം ഒരു ഗാനം റെക്കോര്‍ഡ് ചെയ്തെന്നും വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ എന്നുമാണ് റഹ്മാന് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ഉദയനിധി സ്റ്റാലിന് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വടിവേലുവും ഫഹദ് ഫാസിലും കീര്‍ത്തി സുരേഷും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.
തന്റെ കരിയറില്‍ ഒരുക്കുന്ന ഏറ്റവും വലിയ ക്യാന്‍വാസിലുള്ള സിനിമയായിരിക്കും ‘മാമന്നന്’ എന്ന് മാരി സെല്‍വരാജ് മുന്‍പ് പറഞ്ഞിരുന്നു. വടിവേലുവിലെ അഭിനേതാവിനെ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നും സംവിധായകന് അറിയിച്ചിരുന്നു.
അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകുമിതെന്ന് ഉദയനിധി സ്റ്റാലിനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉദയനിധിയുടെ നിര്‍മ്മാണ കമ്പനി റെഡ് ജയ്ന്റ് മൂവീസ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ഛായാഗ്രഹണവും സെല്‍വ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത് യുഗഭാരതിയും നൃത്ത സംവിധാനം ശാന്തിയും നിര്‍വ്വഹിക്കുന്നു.
