Actor
ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി ഞാന്‍ തലയുയര്‍ത്തി നില്ക്കുന്നു; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്
ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി ഞാന്‍ തലയുയര്‍ത്തി നില്ക്കുന്നു; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മേപ്പടിയാന് സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി നടന് ഉണ്ണി മുകുന്ദന്റെ അച്ഛന് എം. മുകുന്ദന്. മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ‘മേപ്പടിയാന്’ സിനിമയുടെ നിര്‍മാതാവെന്ന നിലയിലാണ് എം. മുകുന്ദന് വേദിയിലെത്തിയത്. സിനിമയുടെ സംവിധായകനായ വിഷ്ണു മോഹനും രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ബഹുമാനപ്പെട്ട രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അംഗീകാരം സ്വീകരിക്കുന്ന തന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അച്ഛന് പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് വികാരനിര്‍ഭരമായൊരു കുറിപ്പും ഉണ്ണി പങ്കുവെച്ചു.
”മേപ്പടിയാന്, ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയോ എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാന്‍ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണവും ഇതായിരിക്കാം. ഇന്ന്, ബഹുമാനപ്പെട്ട രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി ഞാന്‍ തലയുയര്‍ത്തി നില്ക്കുന്നു.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സത്യസന്ധനും നിര്‍ഭയനുമായ മനുഷ്യനോട്. എന്നില്‍ വിശ്വസിച്ചതിന് എന്റെ അച്ഛനും അമ്മയ്ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹന്‍, അഭിനന്ദനങ്ങള്‍! ഇനിയും പലതും വരാനുണ്ട്. ഇതൊരു തുടക്കം മാത്രം.” എന്നും ഉണ്ണി മുകുന്ദന് കുറിച്ചു.
ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ വച്ചായിരുന്നു പുരസ്കാര വിതരണം. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ഹോം സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ‘ഹോ’മിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്കാരം ഏറ്റുവാങ്ങി. ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു.
