Malayalam
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് മലയാളത്തില്‍ നിന്നും ‘സൗദി വെള്ളക്ക’യും ‘അറിയിപ്പും’
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് മലയാളത്തില്‍ നിന്നും ‘സൗദി വെള്ളക്ക’യും ‘അറിയിപ്പും’
അമ്പത്തിമൂന്നാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്നും രണ്ട് സിനിമകള്‍. ഇതിനോടകം നിരവധി അന്താരാഷ്ട്ര മേളയില്‍ തിളങ്ങിയ മഹേഷ് നാരായണന് ചിത്രം ‘അറിയിപ്പ്’, തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ‘സൗദി വെള്ളക്ക’ എന്നീ സിനിമകളാണ് തെരഞ്ഞടുക്കപ്പെട്ടത്. ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നും ‘വീട്ടിലേക്ക് എന്ന സിനിമയും തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. 25 സിനിമകളാണ് ആകെ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡില്‍ നിന്നും ‘മേജര്‍’, ‘സിയ’, ‘സ്റ്റോറി ടെല്ലര്‍’, ‘ത്രീ ഓഫ് അസ്’, ‘കശ്മീര്‍ ഫയല്‍സ്’ എന്നീ ചിത്രങ്ങളും തെലുങ്കില്‍ നിന്നും ‘ആര്‍ആര്‍ആര്‍’, ‘സിനിമാ ബണ്ടി’, ‘കുതിരം ബോസ്’ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തമിഴില്‍ നിന്നും കുരങ്ങു പെഡല്‍, കിട, ജയ് ഭീം എന്നീ ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 20 നോണ്‍ ഫീച്ചര്‍ സിനിമകളും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ദിവ്യ കൊവാസ്ജി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ‘ഷോ മസ്റ്റ് ഗോ ഓണ്‍’ ആണ് ഉദ്ഘാടന ചിത്രം.
‘ഓപ്പറേഷന് ജാവ’യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഒരു കേസുമായി ബന്ധപ്പെട്ട സംഭവമാണ് സിനിമയുടെ കഥ പശ്ചാത്തലം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് കഥ. ലുക്ക്മാന്‍ അവറാന്, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്, ശ്രിന്ധ, റിയ സെയ്റ, ധന്യ, അനന്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയുന്നു.
ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അറിയിപ്പ്. നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. അടുത്തിടെ ബുസാന്‍ ഇന്റര്‍ നാഷണല്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. നേരത്തെ ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു അറിയിപ്പ്.
