Bollywood
ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല- തനുശ്രീ ദത്ത
ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല- തനുശ്രീ ദത്ത
മീ ടൂ ആരോപണങ്ങളുടെ തുടക്കം കുറിച്ച നടിയാണ് തനുശ്രീ ദത്ത. തനുശ്രീ ദത്തയുടെ മീടൂ ആരോപണം ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. പത്ത് വര്‍ഷം മുൻപ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. നടി ഇതു സംബന്ധിച്ച് മുംബൈ പോലീസില്‍ രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തിരുന്നു . ഒഷിവാര പോലീസിന്റെ അന്വേഷണച്ചുമതലയുള്ള കേസില്‍ ആറു മാസം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍ തനുശ്രീ.
പത്തു വര്‍ഷം മുൻപ് നടന്ന കേസില്‍ ദൃക്സാക്ഷികളെ കണ്ടെത്താന്‍ വിഷമിക്കുകയാണ് പോലീസ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. പതിനഞ്ചോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും പത്ത് വര്‍ഷം മുമ്ബ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടു തന്നെ കേസിന്റെ നടപടി ക്രമങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതാണ് ഇപ്പോള്‍ തനുശ്രീയെ ചൊടിപ്പിച്ചിരിക്കുന്നത്.
പോലീസ് മൊഴി രേഖപ്പെടുത്തിയ ആ പതിനഞ്ച് ദൃക്സാക്ഷികള്‍ ആരാണെന്ന് തനിക്ക് അറിയണം എന്നാണ് തനുശ്രീ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാനാ പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല. പീഡനത്തിന്റെ കാര്യം വരുമ്പോൾ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാവുകയാണ്. അന്വേഷണത്തില്‍ മെല്ലെപ്പോക്ക് നയമാണ് പോലീസിന്. ഞാന്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പോലീസ് മൊഴിയെടുക്കുന്നത് തനുശ്രീ ആരോപിച്ചു.
thanusree dutta case against nana patekar
