Social Media
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ പാര്‍വതി തിരുവോത്ത്; ‘ഗംഗമ്മ’യ്ക്ക് പിറന്നാള്‍ ആശംസകളുമായി തങ്കലാന്‍ ടീം
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ പാര്‍വതി തിരുവോത്ത്; ‘ഗംഗമ്മ’യ്ക്ക് പിറന്നാള്‍ ആശംസകളുമായി തങ്കലാന്‍ ടീം
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാന്‍’. വിക്രമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാന്‍.
മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഗമ്മ എന്ന കഥാപാത്രമായാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം തങ്കലാനിലൂടെ സിനിമയില്‍ വീണ്ടും സജീവമാവുകയാണ് പാര്‍വതി.
ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് തങ്കലാന്‍ ടീം. പാര്‍വതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ടീം തങ്കലാന്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്‍പറിവ് മാസ്‌റ്റേഴ്‌സ് ആണ് തങ്കലാനില്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.
തങ്കലാന്‍ ഓസ്‌കര്‍ വേദി ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ധനഞ്ജയന്‍ പറഞ്ഞിരുന്നു. ഓസ്‌കറിന് പുറമെ 8 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കായി ‘തങ്കലാന്‍’ സമര്‍പ്പിക്കുമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. എന്തായാലും ഒരു മികച്ച സിനിമാനുഭവമായിരിക്കും തങ്കലാന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ പോവുന്നതെന്ന് ഉറപ്പാണ്.