. പ്രണയിക്കുക എന്ന് പറയുന്നത് കല്യാണം കഴിക്കുക സെക്‌സ് ചെയ്യുക കുട്ടികളുണ്ടാവുക മാത്രമല്ല ; നാല് ദിവസം ഈ ബന്ധം പോവില്ല എന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മധുരപ്രതികാരമാണ് ഞങ്ങളുടെ ദാമ്പത്യം ; സൂര്യയും ഇഷാനും പറയുന്നു !
കേരളത്തിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് ഇഷാനും സൂര്യയും… കഷ്ടപ്പാടുകളടെയും അസ്വസ്ഥതകളുടെയും ഭൂതകാലത്തെ മാറ്റിവച്ച് അവർ പുതിയ ജീവിതത്തിലൂടെ പരസ്പരം പ്രണയിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി തിരിച്ചറിയൽ കാർഡ് ലഭിച്ചയാൾ, ആദ്യമായി വോട്ടവകാശം രേഖപ്പെടുത്തിയയാൾ, ആദ്യമായി പാർട്ടി അംഗത്വം ലഭിച്ച വ്യക്തി ഇങ്ങനെ നിരവധി പ്രത്യേകതകൾ ഉണ്ട് സൂര്യയ്ക്ക്. അറിയപ്പെടുന്ന നർത്തികയും ആക്ടിവിസ്റ്റും അഭിനേത്രിയുമാണ് സൂര്യ. ട്രാൻസ് വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ഇഷാൻ.
ട്രാന്‍സ് കമ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് പ്രചോദനമാണ് സൂര്യയുടെയും ഇഷാന്റെയും ജീവിതം. ഞങ്ങളുടെ നാല് വര്‍ഷത്തെ ദാമ്പത്യം, ഞങ്ങളെ നോക്കി പരിഹസിച്ചവര്‍ക്ക് കൊടുക്കാനുള്ള മധുര പ്രതികാരമാണെന്ന് സൂര്യയും ഇഷാനും പറയുന്നു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ നാല് വര്‍ഷത്തെ സുന്ദരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് രണ്ട് പേരും വാചാലരായത്.
നാല് വര്‍ഷം എന്നല്ല, നാല്‍പത് വര്‍ഷങ്ങള്‍ ഇതുപോലെ ഇങ്ങനെ സന്തോഷത്തോടെ ഒന്നിച്ച് ജീവിയ്ക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ഇത് ഞങ്ങളുടെ ഒരു മധുര പ്രതികാരം കൂടെയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് പലരും പറഞ്ഞു, നാല് ദിവസം ഈ ബന്ധം മുന്നോട്ട് പോകില്ല അതിനുള്ളില്‍ ഈ ബന്ധം തെറ്റിപ്പിരിയും എന്ന്. ഇത് വേഷം കെട്ടുകളാണ്, കോപ്രായം കാണിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ ആക്ഷേപിയ്ക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.
സൂര്യയെ വിവാഹം കഴിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ മതപരമായും അല്ലാതെയും തനിയ്ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ഇഷാന്‍ പറയുന്നു. എന്തായാലും നീ നിന്റെ മനസ്സ് പോലെ ശരീരം മാറ്റി, ഇനി ഒരു ശരിയ്ക്കുള്ള പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്തുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ കഴിക്കുകയാണ് എങ്കില്‍ ഞാന്‍ സൂര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് അവരോട് എല്ലാം ഞാന്‍ പറഞ്ഞത്.
സൂര്യയോട് ഇഷ്ടം തുറന്ന് പറഞ്ഞ കഥയും അഭിമുഖത്തില്‍ ഇഷാന്‍ പങ്കുവച്ചു. സൂര്യയോട് പറഞ്ഞാല്‍ എങ്ങിനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ട് ഇഷ്ടം മതിലിന്‍മേല്‍ എഴുതി വച്ച് പോകുകയായിരുന്നുവത്രെ. പൊതുവെ അടുക്കുന്നവര്‍ എല്ലാം വിവാഹത്തിന്റെ കാര്യം പറയുമ്പോള്‍ ഒഴിവാക്കുകയാണ് ഉണ്ടാവാറുള്ളത്. പക്ഷെ ഇക്ക ആദ്യമേ പറഞ്ഞത് പ്രണയിക്കാം എന്ന് അല്ല, നിന്നെ ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. അതാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് എന്ന് സൂര്യ പറയുന്നു.
ട്രാന്‍സ് കമ്യൂണിറ്റിയില്‍ പെട്ട ശ്രുതി സിത്താരയും ദയയും ഒന്നിച്ചു ജീവിയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ്, പ്രണയം എന്ന വികാരത്തെ സെക്‌സില്‍ ഒതുക്കുന്നതിനെ കുറിച്ച് സൂര്യ സംസാരിച്ചത്. പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല, ജെന്ററും ഇല്ല. പ്രണയിക്കുക എന്ന് പറയുമ്പോള്‍ കല്യാണം കഴിക്കുക സെക്‌സ് ചെയ്യുക കുട്ടികളുണ്ടാവുക എന്നൊക്കെയാണ് വിചാരം. അതിനപ്പുറം ഒരു ബന്ധത്തെ കാണാന്‍ അവര്‍ക്ക് സാധിയ്ക്കുന്നില്ല. ഞങ്ങളുടെ ബന്ധത്തെ ഇപ്പോഴും അംഗീകരിക്കാന്‍ പ്രയാസമുള്ളവരും ഉണ്ട്- സൂര്യ പറഞ്ഞു
