വൈറലായി സൂപ്പർ താരങ്ങളുടെ ചിത്രം; ജയിലര്‍ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് രജനീകാന്തും മോഹന്‍ലാലും
രജനീകാന്തും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക.
ഇപ്പോഴിതാ ഇരുവരും ഒറ്റ ഫ്രെയ്മില്‍ നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാലും രാജസ്ഥാനിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിര്‍മാതാക്കളില്‍ ഒരാളായ സെഞ്ചുറി കൊച്ചുമോനും ഫോട്ടോയിലുണ്ട്. ആദ്യമായാണ് മോഹന്‍ലാലും രജനീകാന്തും ഒരുമിച്ചൊരു സിനിമ ചെയ്യുന്നത്. ഇതിന് മുമ്പ് രജനീകാന്ത് നായകനായ ശിവാജിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നെങ്കിലും അത് നടന്നില്ല.
2022 ഡിസംബറില്‍ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ നെല്‍സന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്.
രജനീകാന്തിന്റെ ജയ്ലര്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകളുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്‍റെ മുഴുവന്‍ ചിത്രീകരണവും രാജസ്ഥാനില്‍ നടക്കുമ്പോള്‍ ജയ്‍ലറിന്‍റെ നിലവിലെ ഷെഡ്യൂളും ഇവിടെയാണ് നടക്കുന്നത്. രജനീകാന്തും മോഹന്‍ലാലും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
