News
കോവിഡ് കാലത്ത് സിനിമ ഉപേക്ഷിച്ച് വീണ്ടും നഴ്സ് ആയി; പക്ഷാഘാതം വന്ന് കിടപ്പിലായി നടി
കോവിഡ് കാലത്ത് സിനിമ ഉപേക്ഷിച്ച് വീണ്ടും നഴ്സ് ആയി; പക്ഷാഘാതം വന്ന് കിടപ്പിലായി നടി
മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തന്റെ പഴയ നഴ്സിങ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മല്‍ഹോത്രയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് വേണ്ടി മുന്നോട്ട് വരികയായിരുന്നു.
2014ലാണ് ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ശിഖ ബിരുദം കരസ്ഥമാക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ശിഖയ്ക്കും കോവിഡ് പോസിറ്റീവ് ആകുന്നത്. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖ ഇപ്പോള്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ശിഖ.
സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധ നേടുന്നത്. പിന്നീട് ഷാരൂഖ് ഖാന് നായകനായ ഫാന്‍ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു. സിനിമയില്‍ എത്തുന്നതിനും മുന്‍പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
