News
താന്‍ മനഃപ്പൂര്‍വ്വം കൊറോണ വൈറസ് ബാധിതയായി; ഗായികയുടെ വിചിത്ര കാരണം കേട്ട് ഞെട്ടി ആരാധകര്‍
താന്‍ മനഃപ്പൂര്‍വ്വം കൊറോണ വൈറസ് ബാധിതയായി; ഗായികയുടെ വിചിത്ര കാരണം കേട്ട് ഞെട്ടി ആരാധകര്‍
ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതിനിടെ ചൈനയിലെ പ്രസിദ്ധ ഗായിക നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരിക്കുകയാണ്. താന്‍ മനഃപ്പൂര്‍വ്വം കൊറോണ വൈറസ് ബാധിതയായി എന്നാണ് ഗായികയായ ജെയ്ന്‍ സംഗിന്റെ വെളിപ്പെടുത്തല്‍.
കൊവിഡ് പോസിറ്റീവായ സുഹൃത്തുക്കളുമായി മനപ്പൂര്‍വ്വം അടുത്ത് ഇടപഴകി രോഗം തന്നിലേയ്ക്ക് പകര്‍ത്തുകയായിരുന്നു എന്നാണ് സംഗ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ മനപ്പൂര്‍വ്വം രോഗിയായത് എന്നതിന് ഗായിക പറഞ്ഞിരിക്കുന്ന കാരണം അമ്പരപ്പിക്കുന്നതാണ്.
പുതുവത്സരത്തിന് സംഗീത പരിപാടി അവതരിപ്പിക്കാനുണ്ട് എന്നതാണ് നേരത്തെ രോഗിയാകാന്‍ സംഗ് തീരുമാനിക്കാനുളള കാരണം. ”ഡിസംബര്‍ അവസാനമാണ് സംഗീത പരിപാടി. ആ സമയത്ത് കൊവിഡ് ബാധിക്കുകയാണെങ്കില്‍ അത് പരിപാടിയെ ബാധിക്കും. ഇപ്പോഴേ കൊറോണ വൈറസ് ബാധിച്ചാല്‍ സംഗീത പരിപാടിയുടെ സമയം ആകുമ്പോഴേക്കും കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ടാകും.
അത് കാരണം താന്‍ കൊവിഡ് ബാധിതരായ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചു. അടുത്ത് ഇടപഴകി വൈറസിനെ പകര്‍ത്തി. ഇപ്പോള്‍ തനിക്ക് രോഗത്തില്‍ നിന്ന് മുക്തയാകാനുളള ആവശ്യത്തിനുളള സമയമുണ്ട്”, എന്നും സംഗ് പറയുന്നു.
പനി, തൊണ്ട വേദന, ശരീര വേദന പോലുളള കൊവിഡ് രോഗലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് പറയുന്നു 38കാരിയായ ഗായിക. എന്നാല്‍ ഒരു ദിവസം മാത്രമായിരുന്നു രോഗം ഉണ്ടായിരുന്നത്. ഒരു പകലും രാത്രിയും ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായിരുന്നുവെന്നും സംഗ് പറയുന്നു. താന്‍ ധാരാളം വെള്ളം കുടിക്കുകയും വിറ്റാമിന്‍ സി കഴിക്കുകയും ചെയ്തു. മറ്റ് മരുന്നുകളൊന്നും കഴിക്കാതെ തന്നെ രോഗം ഭേദമായി എന്നും സംഗ് പറഞ്ഞു.