News
മലയാളത്തിലെ പ്രമുഖ നടനില്‍ നിന്നുണ്ടായ ദുരനുഭവം; തുറന്ന് പറഞ്ഞ് ഷക്കീല
മലയാളത്തിലെ പ്രമുഖ നടനില്‍ നിന്നുണ്ടായ ദുരനുഭവം; തുറന്ന് പറഞ്ഞ് ഷക്കീല
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം. വളരെ വിരളമായി മാത്രമാണ് ഷക്കീല കേരളത്തില്‍ വരാറുള്ളത്. അടുത്തിടെ സംവിധായകന് ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഷക്കീലയെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഷക്കീല അതിഥിയായതിനാല്‍ മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കുക വരെ ചെയ്തിരുന്നു.
അതിന് ശേഷം കഴിഞ്ഞ ദിവസം വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല എത്തിയതും വൈറലായിരുന്നു. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷക്കീല പറഞ്ഞിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. ഒട്ടേറെയാളുകള്‍ ഷക്കീലയെ കാണാന്‍ എത്തിയിരുന്നു. ഇപ്പോഴിത ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഇപ്പോഴിതാ മലയാള സിനിമാ രംഗത്ത് നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷക്കീല. പ്രമുഖ നടനില്‍ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് പറഞ്ഞ നടി പക്ഷെ പേര് വെളുപ്പെടുത്താന്‍ തയ്യാറായില്ല. ‘2001 ല്‍ കൊച്ചിയില്‍ ബോട്ട് പോലൊരു സ്റ്റേഡിയത്തില്‍ ഒരു പ്രാേഗ്രാമുണ്ടായിരുന്നു. എന്നെ അവര്‍ ബുക്ക് ചെയ്തു. പക്ഷെ ഞാന്‍ വരരുതെന്ന് എന്നെ അവര്‍ ഭയപ്പെടുത്തി. ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞു. എനിക്ക് പേടിയില്ലായിരുന്നു. പക്ഷെ അമ്മ കരയുകയായിരുന്നു’
‘അമ്മ വേണ്ടെന്ന് പറഞ്ഞു. അല്ലെങ്കില്‍ എനിക്ക് പേടിയില്ല. പേര് പറയാന്‍ താല്പര്യമില്ല. ബഹുമാന്യനായ നടനാണ്. അവര്‍ക്ക് എന്നെ കാണാന്‍ പേടിയാണെന്ന് കരുതിക്കോളാം’. ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മറ്റുള്ളവര്‍ പറയുന്നതെന്തെന്നില് ഭയമില്ലായിരുന്നെന്നും ഷക്കീല വ്യക്തമാക്കി. കുടുംബത്തില്‍ കൊച്ചച്ചന് പ്രശ്നമുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു എന്റെ കുടുംബത്തിന് നിങ്ങള്‍ ഭക്ഷണം കൊടുക്കുമോയെന്ന്.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗെറ്റ് ലോസ്റ്റ് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് എന്റെ കുടുംബത്തിന് ഭക്ഷണം നല്‍കണമായിരുന്നു. പുറത്ത് നിന്നുള്ളവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചേയില്ല. കാരണം അവര്‍ തന്നെ എല്ലാം സംസാരിച്ച് അവര്‍ തന്നെ എന്റെ സിനിമ കാണുമെന്നും ഷക്കീല ചൂണ്ടിക്കാട്ടി. കുറ്റബോധം തോന്നാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല. ഞാന്‍ മറ്റാെരാളുടെ ഭര്‍ത്താവിനെ സ്വന്തമാക്കിയിട്ടില്ല. ആര് വിളിച്ച് വര്‍ക്ക് തന്നാലും ഞാന്‍ വര്‍ക്ക് ചെയ്തു. അതിന്റെ പൈസയും വാങ്ങി. ആരുടെ ജീവിതവും നശിപ്പിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
സിനിമാ ലോകത്ത് ഒരു കാലഘട്ടത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ പേരാണ് നടി ഷക്കീലയുടേത്. ബി ഗ്രേഡ് സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ഷക്കീല അക്കാലഘട്ടത്തിലുണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്. വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ക്ക് എത്തി.
അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയില്‍ ഒരു മോശം ഇമേജില്‍ അറിയപ്പെട്ടു. സില്‍ക് സ്മിതയ്ക്ക് ശേഷമാണ് ഷക്കീല ബി ബി ഗ്രേഡ് സിനിമകളില്‍ തിളങ്ങുന്നത്. അതേസമയം സില്‍ക് സ്മിതയ്ക്ക് മുഖ്യധാരാ താരങ്ങളുടെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം അവസരങ്ങള്‍ ഷക്കീലയ്ക്ക് ലഭിച്ചത് വിരളമായാണ്. അന്നും ഇന്നും സിനിമാ രംഗത്ത് ഷക്കീലയെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഗോസിപ്പുകള്‍ക്കപ്പുറം ഷക്കീലയുടെ ജീവിതം പലപ്പോഴും സിനിമകളേക്കാള്‍ നാടകീയമായാണ് നീങ്ങിയത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങള്‍ ഷക്കീലയ്ക്ക് വന്നില്ല. സോഫ്റ്റ് പോണ് സിനിമകളില്‍ ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി.
ഇതോടെയാണ് മലയാള സിനിമകളില്‍ നിന്നും മാറി നില്ക്കാന് ഷക്കീല തീരുമാനിച്ചത്. അഡ്വാന്‍സ് തുക തിരിച്ചു കൊടുത്ത് ഒപ്പു വെച്ച പല സിനിമകളില്‍ നിന്നും ഷക്കീല പിന്‍വാങ്ങി. തമിഴ്, തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങളിലാണ് നടി പിന്നീട് അഭിനയിച്ചത്. മലയാളത്തില്‍ ഛോട്ടാ മുംബൈ, തേജാ ഭായ് ആന്റ് ഫാമിലി എന്നീ സിനിമകളിലും നടി അഭിനയിച്ചു. തമിഴ് ടെലിവിഷന്‍ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഷക്കീല. പഴയ ഇമേജ് മാറി തമിഴനാട്ടുകാര്‍ തന്നെ അമ്മാ എന്ന് വിളിക്കുന്നെന്നും ഷക്കീല ചൂണ്ടിക്കാട്ടിയിരുന്നു.
