Connect with us

‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. വേറെ വഴിയില്ലാത്തതുകൊണ്ടാണ്.’ മോഹൻലാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് കേട്ടതും ഞെട്ടി പോയി – സത്യൻ അന്തിക്കാട്

Malayalam Articles

‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. വേറെ വഴിയില്ലാത്തതുകൊണ്ടാണ്.’ മോഹൻലാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് കേട്ടതും ഞെട്ടി പോയി – സത്യൻ അന്തിക്കാട്

‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. വേറെ വഴിയില്ലാത്തതുകൊണ്ടാണ്.’ മോഹൻലാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് കേട്ടതും ഞെട്ടി പോയി – സത്യൻ അന്തിക്കാട്

മോഹൻലാലിൻറെ ഹിറ്റ് സംവിധായകനാണ് സത്യൻ അന്തിക്കാട് . ഇരുവരും തമ്മിൽ നല്ല ആത്മബന്ധത്തിലുമാണ് . ഒരിക്കൽ മോഹൻലാൽ വീട്ടിലെത്തിയ സംഭവം പങ്കു വയ്ക്കുകയാണ് സത്യൻ അന്തിക്കാട് .

ഒരുച്ചനേരത്ത് വരാന്തയിലിരിക്കുമ്പോഴാണ് വഴിയരികില്‍ ഒരു കാര്‍ വന്നുനില്‍ക്കുന്നത്. കാറിന്റെ മുകള്‍ ഭാഗമേ കാണാന്‍ പറ്റൂ. രണ്ടുപേര്‍ ഇറങ്ങി പറമ്പിലേക്കുകയറി എന്റെ വീട് ലക്ഷ്യമാക്കി നടന്നുവരുന്നു. ഒരാള്‍ തോള്‍ അല്പം ചരിച്ചിട്ടാണ് നടക്കുന്നത്. ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍. മുറ്റത്തെത്തുമ്പോള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു, സ്റ്റൈലല്ല, അത് മോഹന്‍ലാല്‍ തന്നെയാണ്. ഒപ്പമുള്ളത് സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും. ഞാന്‍ ചാടിയെഴുന്നേറ്റു.

‘എന്താ ഒരു മുന്നറിയിപ്പുമില്ലാതെ?”വരേണ്ടി വന്നു.’ ലാല്‍ പറഞ്ഞു.അവര്‍ക്ക് ഇരിക്കാന്‍ കസേരയിട്ടുകൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു-”ലാലു വരുന്നത് നാട്ടുകാര്‍ ആരെങ്കിലും കണ്ടോ?””ഇല്ല. ഞാന്‍ മുഖം മറച്ചുപിടിച്ചിട്ടാണ് വഴി ചോദിച്ചത്.”

എത്ര മുഖം മറച്ചുപിടിച്ചാലും മോഹന്‍ലാലിന്റെ കൈവിരല്‍ കണ്ടാല്‍പോലും ജനം തിരിച്ചറിയുമല്ലോ എന്ന് ഞാന്‍ ഭയന്നു. ‘നാടോടിക്കാറ്റ്’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടികൊണ്ടിരിക്കുന്ന സമയമാണ്.

”എന്നാലും വരുന്നത് ഒന്നറിയിക്കാമായിരുന്നു.””ഒന്നിനും സമയമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരത്യാവശ്യം വന്നത്”.”അല്ലെങ്കിലും ഒന്ന് വിളിച്ചുപറയണമെങ്കില്‍ ഇവിടെ ഫോണൊന്നുമില്ലല്ലോ” എന്ന് കൊച്ചുമോന്‍ പറഞ്ഞു.

ലാല്‍ എന്നെ വിളിച്ച് മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു-”ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിര് പറയരുത്.”

ആളുടെ പേര് കേട്ടപ്പോള്‍ എന്റെ പാതി ജീവന്‍ പോയി.
അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍കാണാം – പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചുപെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.

‘നടക്കില്ല’ ഞാന്‍ തറപ്പിച്ചു പറഞ്ഞു.’അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.”

”ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്.”ലാല്‍ എന്റെ രണ്ടുകൈയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.”ഞാനദ്ദേഹത്തിന് വാക്കുകൊടുത്തു. അതുകൊണ്ടാണ്. രണ്ടേ രണ്ടുദിവസം.”

മറുപടിക്ക് വാക്കുകള്‍ കിട്ടാതെ ഞാന്‍ പതറി. എങ്കിലും പെട്ടെന്ന് കിട്ടിയ ന്യായം പറഞ്ഞു.”ഇതെന്റെ തറവാടാണ്. ഇവിടെയെന്റെ ചേട്ടനും കുടുംബവുമൊക്കെയുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകും. ഞാനൊരു വീട് പണിതുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായിട്ടാണെങ്കില്‍ എനിക്കുമാത്രം തീരുമാനമെടുക്കാമായിരുന്നു. ഇവിടെ എന്തായാലും പറ്റില്ല. ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ല.”

അപ്പൊ ലാലിന്റെ അടുത്ത നിര്‍ദേശം-”വീട്ടുപണിക്കാരുടെകൂടെ നിര്‍ത്തിയാല്‍ മതി. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താല്‍ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാല്‍ മതി.”

സൗമ്യത വെടിയാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണംകൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല.’പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്‌നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.

”അയ്യോ.. ഇവിടെവരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ?”അപ്പോള്‍ ലാലിന്റെ കണ്ണുകളില്‍ ഒരു കള്ളച്ചിരി ഞാന്‍ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആര്‍ത്തലച്ച് ചിരിക്കാന്‍ തുടങ്ങി.

കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷിപോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഈ കഥ പറഞ്ഞ് ലാല്‍ എന്നെ കളിയാക്കിയിരുന്നത് ഇങ്ങനെയാണ്-

”സാധാരണ ഇതുപോലെ അപ്രതീക്ഷിതമായി എന്തെങ്കിലും കേട്ടാല്‍ ആളുകള്‍ വിളറിവെളുത്തു എന്നൊക്കെ പറയാറില്ലേ? സത്യേട്ടന്റെ അപ്പോഴത്തെ മുഖം വിളറിവെളുപ്പായി, മഞ്ഞയായി, പിന്നെ നീലയും പച്ചയും ചുവപ്പുമൊക്കെയായി.”

ആയിക്കാണണം. കാരണം ഞാനൊരു അര്‍ധബോധാവസ്ഥയിലായിരുന്നല്ലോ. മോഹന്‍ലാല്‍ വീട്ടിലെത്തിയ വാര്‍ത്ത അതിനുള്ളില്‍ അന്തിക്കാടാകെ പരന്നുകഴിഞ്ഞിരുന്നു. വീടിനുചുറ്റും വലിയൊരു ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. ചെടികളും പുതുതായി നട്ട തെങ്ങിന്‍തൈകളുമൊക്കെ ചവിട്ടിക്കൂട്ടി ഒരു പരുവമായി. ചാലക്കുടിയില്‍ ഐ.വി.ശശിയുടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് മോഹന്‍ലാല്‍. ഷൂട്ടിങ് നേരത്തെ കഴിഞ്ഞപ്പോള്‍ കൊച്ചുമോനെയും കൂട്ടി അന്തിക്കാട്ടേക്ക് ഇറങ്ങിയതാണ്.ചായ മാത്രം കൊടുത്ത് വളരെ പെട്ടെന്ന് കാറില്‍കയറ്റി ഞാന്‍ ലാലിനെ തിരിച്ചയച്ചു. ആരാധകര്‍ എന്റെ വീടിനകത്തുപോലും കയറിപ്പറ്റിയിരുന്നു.

sathyan anthikkad about mohanlal

More in Malayalam Articles

Trending

Recent

To Top