Connect with us

വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ ! അന്ന് റെയിൽപാളത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും ഓര്‍ത്ത് കരഞ്ഞു – വിനോദ് കോവൂർ

Malayalam Articles

വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ ! അന്ന് റെയിൽപാളത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും ഓര്‍ത്ത് കരഞ്ഞു – വിനോദ് കോവൂർ

വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ ! അന്ന് റെയിൽപാളത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും ഓര്‍ത്ത് കരഞ്ഞു – വിനോദ് കോവൂർ

മറിമായം എന്ന പരിപാടിയിലൂടെയാണ് വിനോദ് കോവൂർ ശ്രദ്ധേയനാകുന്നത്. പിന്നീട് എം എയ്റ്റി മൂസ എന്ന സീരിയലും കോഴിക്കോടൻ സ്ലാങ്ങുമൊക്കെ വിനോദിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റി . സിനിമയിലേക്കും ചുവടു വച്ച വിനോദ് പക്ഷെ ഒരു കാലത്ത് അനുഭവിച്ച വലിയ വിഷമതകളുടെ കഥ പറയുകയാണ്. മറിക്കാൻ പോലും ഇറങ്ങി തിരിച്ച കഥ . വിനോദ് പറയുകയാണ്.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ഡിഗ്രി പഠിച്ചിറങ്ങിയസമയം. എന്നെ കലാകാരനാക്കിയതില്‍ ഗുരുവായൂരപ്പന്‍ കോളേജിന് വലിയപങ്കുണ്ട്. പഠിച്ച മൂന്നുവര്‍ഷവും ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മിമിക്രിയിലും മോണോ ആക്ടിലും നാടകത്തിലും സംഗീതത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയകാലം. കോളേജ് വിട്ടിറങ്ങുമ്പോള്‍, വിനോദിനെ ഭാവിയില്‍ സിനിമാനടനായി കാണണം എന്ന് പറഞ്ഞ് അധ്യാപകരും അനുഗ്രഹിച്ചു.

സിനിമാനടനാകണം. ഞാനും ഏറെ ആഗ്രഹിച്ചു. അങ്ങനെ തുടര്‍വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാതെ മുഴുവന്‍ സമയവും കലയ്ക്കുവേണ്ടി മാറ്റിവെച്ചു. അന്നൊക്കെ പത്രങ്ങളിലും ചിത്രഭൂമി തുടങ്ങിയ സിനിമാമാഗസിനുകളിലും വരുന്ന സിനിമാപരസ്യങ്ങള്‍ക്കെല്ലാം അപേക്ഷിക്കും.  ചിലര്‍ വിളിക്കും. ഇന്റര്‍വ്യൂ നടക്കും. പിന്നെ, അറിയിക്കും സിനിമയിലേക്ക് സെലക്ട് ആയിട്ടുണ്ട്. ഇനി ക്യാമറ ടെസ്റ്റ് ഉണ്ട്. അതിന് രണ്ടായിരം രൂപയുമായി വരണം എന്ന്. അച്ഛനും അമ്മയും ഗവ. ജോലിക്കാരായതുകൊണ്ടും മകന്‍ സിനിമാനടനാകണമെന്ന് മോഹമുള്ളതുകൊണ്ടും ചോദിക്കുമ്പോഴൊക്കെ കാശ് തന്ന് സഹായിച്ചു. അങ്ങനെ പല സിനിമക്കാര്‍ക്കായി 2000 മുതല്‍ 5000 വരെ കൊടുത്തിട്ടുണ്ട്. അതൊക്കെ തട്ടിപ്പാണെന്ന് പിന്നീടാണ് മനസ്സിലാവുക. ഇതിനിടെ അച്ഛനും എനിക്ക് വേണ്ടി പലരെയും പോയി കണ്ടിരുന്നു.

ഒരിക്കല്‍ തോപ്പില്‍ഭാസിസാര്‍ കാല് മുറിക്കപ്പെട്ട് മെഡിക്കല്‍ കോളേജില്‍ കിടക്കുമ്പോള്‍ അച്ഛനായിരുന്നു വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഒരു ദിവസം അച്ഛന്‍ എന്നെയുംകൊണ്ട് ആശുപത്രിയില്‍ ചെന്ന് തോപ്പില്‍ ഭാസിസാറിന് പരിചയപ്പെടുത്തി. സംസാരത്തിനിടയില്‍ എനിക്ക് സിനിമാമോഹമാണെന്നറിഞ്ഞ തോപ്പില്‍ ഭാസിസാറ്, എം.ടി. വാസുദേവന്‍നായര്‍ക്ക് ഒരു കത്ത് എഴുതി. ഈ കത്ത് എം.ടി.യെ കാണിച്ചാല്‍ മതി എന്ന് പറഞ്ഞു. പിറ്റേദിവസംതന്നെ ഞാനും അച്ഛനും എം.ടി. വാസുദേവന്‍നായരുടെ വീട്ടില്‍ ചെന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എം.ടി.യുടെ കാലവും, നാലുകെട്ടുമെല്ലാം വായിച്ച് എം.ടി. സാറിനോട് ആരാധന തോന്നിയത്. ആ എം.ടി.സാറിനെ ആദ്യമായി കാണുകയാണ് നേരില്‍- അച്ഛന്‍ കത്ത് കൊടുത്തു. കത്ത് വായിച്ചശേഷം എന്നെ അടിമുടി ഒന്ന് നോക്കീട്ട്, നന്നായ് അഭിനയിക്കുമോ എന്ന് ചോദിച്ചു. ഓ എന്ന് പറഞ്ഞു.

അത്രയുംനേരം ഗൗരവത്തിലിരുന്ന എം.ടി.സാര്‍ ഒന്നുചിരിച്ചു. എന്നിട്ട് പറഞ്ഞു, മിടുക്കന്‍ – എന്തെങ്കിലും അവസരം വരുമ്പോള്‍ ഞാന്‍ അറിയിക്കാം എന്ന്. പിന്നെ എം.ടി. സാറുടെ വിളിയും കാത്ത്, മാസങ്ങള്‍ നീക്കി. അതിനിടയ്ക്കാണ് ചേട്ടന്‍ എല്‍.എല്‍.ബി. പാസ്സായത്. എന്റോള്‍മെന്റിന് ഞങ്ങള്‍ കുടുംബസമേതം കൊച്ചിയില്‍ പോയി.

ഈ സമയത്ത് എം.ടി.സാറിന്റെ വിളി വന്നു. അന്ന് വീട്ടില്‍ ഫോണില്ല. അടുത്ത വീട്ടിലേക്കാണ് ഫോണ്‍ വന്നത്. അയല്‍വീട്ടുകാര്‍ ഞങ്ങള്‍ ഇവിടെ ഇല്ല, കൊച്ചിയിലാണെന്ന് അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് എം.ടി. സാര്‍ വിളിച്ച കാര്യം അറിയുന്നത്. അച്ഛന്‍ എം.ടി. സാറെ വിളിച്ചു. ഒരു സിനിമയിലേക്ക് നാല് കൗമാരപ്രായക്കാരെ വേണമായിരുന്നു. കോഴിക്കോട്ട് ഹോട്ടലില്‍ മുഖാമുഖം ഉണ്ടായിരുന്നു. അതിന് വിളിച്ചതായിരുന്നു. അച്ഛന്‍ വിവരങ്ങളൊക്കെ പറഞ്ഞപ്പോള്‍ ശരി എന്നാല്‍ മകനെയും കൂട്ടി വരൂ എന്ന് മറുപടി.

കോഴിക്കോട് ബീച്ച് ഹോട്ടലിലെ റൂമില്‍വെച്ചാണ് മുഖാമുഖം. അവിടെ എം.ടി.സാറും  പ്രഗല്ഭ സംവിധായകന്‍ സേതുമാധവന്‍ സാറും- അച്ഛനോട് പുറത്തുനില്‍ക്കാന്‍ പറഞ്ഞു. എന്നെ ഇന്റര്‍വ്യൂ ചെയ്തു. പാട്ടുപാടാന്‍ പറഞ്ഞു. ഞാന്‍ പാടി. ഒരു സിറ്റുവേഷന്‍ തന്ന് അഭിനയിക്കാന്‍ പറഞ്ഞു. അഭിനയിച്ചു. എനിക്ക് ഇന്റര്‍സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മോണാ ആക്ടും കാണിച്ചു.

മോണോ ആക്ടിലെ നര്‍മം ആസ്വദിച്ച് ഇരുവരും നന്നായി ചിരിച്ചു. അച്ഛനെ വിളിച്ചു. അവന്‍ നന്നായി ചെയ്യുന്നുണ്ട്. വിവരം പ്രൊഡ്യൂസര്‍ അറിയിക്കും എന്ന് പറഞ്ഞു.

വീണ്ടും പ്രതീക്ഷയോടെ ഒരു മാസം. വീട്ടില്‍ കത്ത് വന്നു. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ സേതുമാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് വിനോദ് സെലക്ട് ആയിട്ടുണ്ട്. 3-ാം തീയതി ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ എത്തണം. മാക്‌സിമം ഡ്രസ് എടുക്കണം. ഒരുമാസം ഷൂട്ടിങ്ങാണ്. മനസ്സില്‍ സന്തോഷം അലതല്ലി. അറിഞ്ഞവര്‍ ഒക്കെ പറഞ്ഞു വലിയ ഭാഗ്യമാണ്. എം.ടി.യുടെ പടം സേതുമാധവന്റെ സംവിധാനം.

ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. വീട്ടുകാരോടും കുടുംബക്കാരോടും കൂട്ടുകാരോടും ഗുരുക്കന്മാരോടുമെല്ലാം യാത്രപറഞ്ഞ് 3-ാം തീയതി ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ എത്തി, ഒപ്പം അഭിനയിക്കുന്ന മൂന്ന് കൂട്ടുകാരും എത്തിയിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ റൂമില്‍ വന്ന് സിനിമയുടെ കഥയും ഞങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും  പറഞ്ഞു. രാത്രി ഞങ്ങള്‍ നാലുപേരും ഒരു ഡബിള്‍ കോട്ട് കട്ടിലില്‍  നാളെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന സിനിമയെ സ്വപ്നം കണ്ടുറങ്ങി.

പിറ്റേന്ന് നേരത്തേ എഴുന്നേറ്റ് കുളിച്ച് റെഡിയായി. ഈ സമയം റൂമിലേക്ക് മറ്റൊരു കൗമാരക്കാരനും അച്ഛനും വന്നു. പ്രൊഡ്യൂസറുടെ അസിസ്റ്റന്റ് വന്നുപറഞ്ഞു: ഇയാള്‍ നിങ്ങളുടെ റൂമില്‍നിന്ന് ഒന്നുപെട്ടെന്ന് കുളിച്ച് റെഡിയായിക്കോട്ടെ. അവന്‍ കുളിക്കാന്‍ കയറിയപ്പോള്‍ അവന്റെ അച്ഛനോട് ഞങ്ങള്‍ ചോദിച്ചു. ”മകന്‍ ഈ സിനിമയില്‍ ഉണ്ടോ.” ”ങ്ഹാ ഉണ്ട്.” ഞങ്ങള്‍ നാലുപേരും റൂമില്‍നിന്ന് പുറത്തുവന്നു സംസാരിച്ചു.  ”നാലുപേരല്ലേ സിനിമയിലെ പ്രധാനപ്പെട്ടവര്‍- അത് നമ്മള്‍ നാലുപേരല്ലേ. അപ്പൊ ഇവനെന്തായിരിക്കും വേഷം.”-എല്ലാവരും ചിന്തയിലാണ്ടു.

ഈ സമയം അസോസിയേറ്റ് വന്ന് വിനോദ് ഒന്ന് റൂം നമ്പര്‍ 7-ല്‍ ചെല്ലൂ. പ്രൊഡ്യുസര്‍ കാണണമെന്നു പറഞ്ഞു. ഞാന്‍ മറ്റ് മൂന്നുപേരെയും ഒന്ന് നോക്കി. ശേഷം 7-ാം നമ്പര്‍ റൂമിലേക്ക് ചെന്നു. പ്രൊഡ്യൂസര്‍ ആണോ എന്നെനിക്കറിയില്ല. അദ്ദേഹത്തെ ആദ്യമായി കാണുകയാണ്. ”ങ്ഹാ വിനോദ് ഇരിക്കൂ.” ഞാന്‍ ഇരുന്നു. എന്റെ മുമ്പിലേക്ക് ഒരു കസേര വലിച്ചിട്ട് അയാളും ഇരുന്നു. ”വിനോദ്, ചെറിയൊരു പ്രശ്‌നമുണ്ട്.” എന്റെ മനസ്സ് പതറി. ചങ്കില്‍ വെള്ളം ഇല്ലാത്ത അവസ്ഥ, കണ്ണ് നിറയുന്ന പോലെ തോന്നി. അയാള്‍ പറയാന്‍ പോകുന്നതെന്താണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം തുടര്‍ന്നു. ”ശരിക്കും സെലക്ഷന്‍ കിട്ടിയത് വിനോദിനല്ല ഇപ്പോള്‍ റൂമില്‍ വന്ന ആ പയ്യനാണ്.” ശബ്ദം ഇടറിക്കൊണ്ട് ഞാന്‍ പറഞ്ഞു, ”സാര്‍ എനിക്ക് കത്ത് വന്നിരുന്നു.” ”ങ്ഹാ അത് കത്ത് വിട്ട ആള്‍ക്ക് മാറിപ്പോയതാണ്.” അത്രയും കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വിങ്ങിപ്പൊട്ടി കരഞ്ഞു. ”സാര്‍ വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ വന്നത്. എന്റെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം വലിയ പ്രതീക്ഷയിലാണ്.” അദ്ദേഹം എന്റെ തലയില്‍ തലോടി ആശ്വസിപ്പിച്ചു. ”വിനോദ് മുഖ്യ നാലുപേരില്‍ ഇല്ലെന്നേയുള്ളൂ. മറ്റൊരു ചെറിയ വേഷമുണ്ട്. അത് വിനോദിന് തരും.” അത് എന്നെ ആശ്വസിപ്പിക്കാന്‍വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായി. ഞാന്‍ റൂമിലേക്ക് മടങ്ങി. അപ്പോഴേക്കും അവര്‍ ലൊക്കേഷനിലേക്ക് പോയിരുന്നു. റൂമില്‍ച്ചെന്ന് ഞാന്‍ ഒരുപാട് കരഞ്ഞു.

വീട്ടിലേക്ക് വിളിച്ച് അച്ഛനോട് വിവരം പറഞ്ഞു. എം.ടി. സാറെ വിളിച്ച് ഇക്കാര്യം പറയാന്‍ പറഞ്ഞു. പക്ഷേ, എം.ടി. സാര്‍ ജ്ഞാനപീഠ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയില്‍ പോയിരിക്കയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ സിനിമാ ഷൂട്ടിങ്ങിന്റെ കാഴ്ചക്കാരനായി. ഓരോ ദിവസവും അയാളടുത്ത് ഞാന്‍ ചോദിക്കും: ”സാര്‍ ആ വേഷം ഇന്നുണ്ടോ.” ”കുറച്ചുദിവസം കഴിയും. വേണമെങ്കില്‍ വിനോദ് വീട്ടില്‍ പൊക്കോളൂ” എന്ന്. ഞാന്‍ അവിടെ ഒരു അധികപ്പറ്റാണെന്ന് എനിക്ക് തോന്നി. സാറിനോട് ഞാന്‍ പറഞ്ഞു: ”സാര്‍, ഞാന്‍ വീട്ടിലേക്ക് പോകില്ല. പകരം പാലക്കാട്ട് എന്റെ ഒരു കൂട്ടുകാരന്റെ കൂടെയുണ്ടാകും. കൂട്ടുകാരന്റെ നമ്പര്‍ തരാം അതിലേക്ക് വിളിച്ചാല്‍ മതീന്ന് പറഞ്ഞു.

എന്റെ കൂടെ കോളേജില്‍ പഠിച്ചിരുന്ന ആനന്ദകൃഷ്ണന്‍ എന്ന കൂട്ടുകാരന്റെയും മറ്റ് രണ്ട് കൂട്ടുകാരുടെയും കൂടെ ഒരു റൂമില്‍ താമസം. ഞാന്‍ എന്റെ സിനിമാസ്വപ്നം  തകര്‍ന്ന കഥ പറഞ്ഞപ്പോള്‍ അവര്‍ എന്നെ ആശ്വസിപ്പിച്ചു. ആ പ്രൊഡ്യൂസറെ തെറിവിളിച്ചു. അവര്‍ നന്നായി മദ്യപിച്ചു. മദ്യപാനശീലമില്ലാത്ത എന്നെ അവര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. മദ്യലഹരിയില്‍ ആ പ്രൊഡ്യൂസറെ പോയി തല്ലണോ എന്ന് ഒരു കൂട്ടുകാരന്‍ ചോദിച്ചതോര്‍മയുണ്ട്. ഒരാഴ്ച കൂട്ടുകാരന്റെ കൂടെ കഴിഞ്ഞു.

ഓരോ ദിവസവും സെറ്റിലേക്ക് വിളിക്കും. ആയിട്ടില്ലെന്ന് മറുപടി. ഒരുദിവസം അദ്ദേഹം വളരെ ദേഷ്യത്തോടെ ഫോണിലൂടെ സംസാരിച്ചു. അതോടെ എന്റെ മനസ്സ് പറഞ്ഞു- ആ സിനിമാസ്വപ്നം പൊലിഞ്ഞു. അന്ന് വൈകുന്നേരം കൂട്ടുകാരന്റെ കൂടെയുള്ള താമസം അവസാനിപ്പിച്ച് ഞാന്‍ കോഴിക്കോട്ടേക്ക് മടങ്ങാന്‍ തീരുമാനിച്ചു. യാത്രപറഞ്ഞ് ഇറങ്ങി. റെയില്‍വെ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ വരാന്‍ ഇനിയും 40 മിനിറ്റുണ്ട്. സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പലതും ചിന്തിച്ചുകൂട്ടി. സിനിമക്കാരനാവുന്നത് സ്വപ്നം കണ്ട ഞാന്‍ അതും ആദ്യ സിനിമ എം.ടി. സാറുടെ രചനയില്‍. നാട്ടിലെത്തി വീട്ടുകാരെയും നാട്ടുകാരെയും കൂട്ടുകാരെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത.

നാണക്കേട്. ഒടുവില്‍ ഒരു തീരുമാനമെടുത്തു. ഒരു പ്രതിഷേധകത്ത് എഴുതിവെച്ച് ആത്മഹത്യചെയ്യാം. റെയിലില്‍ തലവെക്കാം. ബാഗില്‍നിന്ന് പുസ്തകമെടുത്ത് കത്തെഴുതി. ശേഷം ബാഗും തൂക്കി രാത്രിയില്‍ റെയില്‍വേട്രാക്കിലൂടെ നടന്നുനീങ്ങി. നല്ല ഇരുട്ടാണ്. കുറേദൂരം ചെന്ന് ബാഗ് ഒരിടത്തുവെച്ച് ഞാന്‍ റെയിലില്‍ തലവെച്ച് കിടന്നു. അച്ഛനെയും അമ്മയെയും സഹോദരനെയും ഓര്‍ത്ത് കരഞ്ഞു. കത്ത് ബാഗിന്റെ മേലെവെച്ച് അതിനുമേല്‍ റെയില്‍വേ ട്രാക്കിലെ ഒരു കരിങ്കല്‍കഷണം വെച്ചു. വണ്ടിയുടെ ചൂളംവിളി ദൂരെനിന്ന് കേട്ടു. ശരീരം വിയര്‍ക്കാന്‍ തുടങ്ങി. ഏതോ ശക്തി എന്നെ മരണത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നപോലെ തോന്നി. മനസ്സ് പറഞ്ഞു- സിനിമാരംഗത്തെ ആദ്യ നഷ്ടമല്ലേ? പ്രായം ഇരുപതല്ലേ ആയുള്ളൂ. ഇനി എത്ര സമയം കിടക്കുന്നു. എത്ര സംവിധായകരെ കാണാന്‍ കിടക്കുന്നു. പോസിറ്റീവ് ചിന്തകള്‍ എന്നെ ട്രാക്കില്‍നിന്ന് ഉണര്‍ത്തി. ട്രാക്കില്‍നിന്ന് ഞാന്‍ എഴുന്നേറ്റ് കണ്ണുതുടച്ചു. മനസ്സിനെ ശാന്തമാക്കി. ഞാന്‍ കത്തെടുത്ത് കീറിയിട്ടു. പിന്നെ ബാഗെടുത്ത് സ്റ്റേഷനിലേക്ക് ഓടി. എനിക്ക് കോഴിക്കോട്ടേക്ക് പോകാനുള്ള വണ്ടിയായിരുന്നു അത്.

പെട്ടെന്ന് ടിക്കറ്റെടുത്ത് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറി. നല്ല തിരക്കായിരുന്നു. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. കുറേ ആളുകള്‍ താഴെ പത്രം വിരിച്ച് ഇരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ബാഗ് മടിയില്‍വെച്ച് ഞാനും ഇരുന്നു. തീവണ്ടി മുന്നോട്ട് പാഞ്ഞു. എന്റെ സിനിമാ ഓര്‍മകള്‍ പിറകോട്ടും.

vinod kovoor about his lfe story

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top