News
എനിക്ക് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയായി; കാന്‍സര്‍ ചികിത്സ നടത്താന്‍ തനിക്ക് ആദ്യം താല്‍പ്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്
എനിക്ക് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയായി; കാന്‍സര്‍ ചികിത്സ നടത്താന്‍ തനിക്ക് ആദ്യം താല്‍പ്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്
നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. കെജിഎഫ് 2വിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ക്ക് വഴിവെച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരം കാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ശ്വാസകോശത്തെ ബാധിച്ച കാന്‍സറിനെ താരം ചികിത്സയിലൂടെ മറികടക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ചികിത്സ നടത്താന്‍ തനിക്ക് ആദ്യം താല്‍പ്പര്യമില്ലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. രോഗവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ സഹോദരിയോടാണ് ചികിത്സ വേണ്ടെന്ന് താരം പറഞ്ഞത്. തന്റെ അമ്മയും ഭാര്യയും കാന്‍സര്‍ ബാധിച്ചാണ് മരിച്ചതെന്നും അതിനാലാണ് കീമോതെറാപ്പി വേണ്ടെന്ന് പറഞ്ഞതെന്നും സഞ്ജയ് ദത്ത് പറയുന്നു.
എനിക്ക് പുറം വേദനയുണ്ടായിരുന്നു. ആ സമയത്ത് ചൂട് വെച്ചും വേദന സംഹാരിയും കഴിച്ചാണ് മുന്നോട്ടുപോയത്. ഒരു ദിവസം എനിക്ക് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എനിക്ക് കാന്‍സര്‍ ആണെന്ന വിവരം എന്നെ കൃത്യമായി അറിയിച്ചിരുന്നില്ല.
എന്റെ ഭാര്യയോ കുടുംബമോ സഹാദരിയോ എനിക്കൊപ്പം ആ സമയമുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പെട്ടെന്ന് ഒരാള്‍ വന്നു എനിക്ക് കാന്‍സര്‍ ആണെന്നു പറഞ്ഞു. എന്റെ ഭാര്യ ദുബായിലായിരുന്നു. സഹോദരി പ്രിയ എന്റെ അടുക്കലേക്ക് വന്നു. എന്റെ കുടുംബത്തിന് കാന്‍സര്‍ ഹിസ്റ്ററി ഉള്ളതാണ്. എന്റെ അമ്മ പാന്‍ക്രിയാസ് കാന്‍സര്‍ വന്നാണ് മരിച്ചത്.
എന്റെ ഭാര്യ റിച്ച ശര്‍മ ബ്രെയിന്‍ കാന്‍സര്‍ വന്നു മരിച്ചു. അതിനാല്‍ ഞാന്‍ ആദ്യം പറഞ്ഞത് കീമോതെറാപ്പി എടുക്കില്ല എന്നാണ്. മരിക്കാനാണ് വിധിയെങ്കില്‍ ഞാന്‍ മരിക്കും, ഒരു ചികിത്സയും എനിക്കു വേണ്ട. സഞ്ജയ് ദത്ത് പറഞ്ഞു. അതിനു ശേഷമാണ് ഭാര്യ മാന്യത ദുബായില്‍ നിന്ന് സഞ്ജയ്യുടെ അടുത്തേക്ക് എത്തുന്നത്. താരത്തിന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രത ദത്തും പിന്തുണയുമായി എത്തിയിരുന്നു.
