News
വിവാദങ്ങള്‍ക്ക് പിന്നാലെ സുശാന്തിന്റെ അവസാന നാളിലെ വീഡിയോയുമായി റിയ ചക്രവര്‍ത്തി; റിയയ്ക്കെതിരെ ആരാധകര്‍
വിവാദങ്ങള്‍ക്ക് പിന്നാലെ സുശാന്തിന്റെ അവസാന നാളിലെ വീഡിയോയുമായി റിയ ചക്രവര്‍ത്തി; റിയയ്ക്കെതിരെ ആരാധകര്‍
അടുത്തിടെയായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും ഉടലെടുത്തത്. ഇതിന് പിന്നാലെ റിയ ചക്രവര്‍ത്തി പകര്‍ത്തിയ സുശാന്തിന്റെ അവസാന ദിനത്തിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
റിയയ്ക്കെതിരെ സുശാന്തിന്റെ ആരാധകരടക്കം നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും റിയയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. വീഡിയോയില്‍ അവശനായ നിലയിലാണ് വീഡിയോയില്‍ സുശാന്ത് കാണപ്പെടുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്ത് വളരെയേറെ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു സുശാന്തിന്റേത്. മുംബൈ പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇഡി, എന്‍.സി.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളും കേസില്‍ ഉള്‍പ്പെട്ടു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്കി എന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലാവുകയും ചെയ്തു. റിയക്കെതിരേ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസില്‍ റിയ പിന്നീട് ജാമ്യത്തിലിറങ്ങി.
അടുത്തിടെ, സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ആശുപത്രി ജീവനക്കാരന് രൂപേഷ് കുമാര്‍ ഷാ വെളിപ്പെടുത്തിയത്. അന്ന് അഞ്ച് മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിന് കൂപ്പര്‍ ആശുപത്രിയിലെത്തിയത്.
അഞ്ച് ശരീരങ്ങളില്‍ ഒന്ന് ഒരു വി.ഐ.പിയുടേതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്തിന്റേതാണെന്ന് മനസ്സിലായത്. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. പോസ്റ്റ്മോര്‍ട്ടം റെക്കോഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മേലധികാരികള്‍ പറഞ്ഞത് മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു. ഞങ്ങള്‍ അവരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
