Bollywood
നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, ഓർമ്മപ്പെടുത്തലാണ്, നീ വെറുമൊരു ഓർമ്മയല്ല; വികാര നിർഭരമായ കുറിപ്പുമായി ശ്വേത
നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, ഓർമ്മപ്പെടുത്തലാണ്, നീ വെറുമൊരു ഓർമ്മയല്ല; വികാര നിർഭരമായ കുറിപ്പുമായി ശ്വേത
ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂൺ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്റെ വിയോഗവാർത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്.
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. താരത്തിന്റെ മരണം ബോളിവുഡ് സിനിമ ലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ലായിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങൾ സിനിമ ലോകത്തിനു സംഭാവന ചെയ്തിട്ടായിരുന്നു സുശാന്ത് യാത്രയായത്.
ഇപ്പോഴിതാ നടന്റെ 39-ാം ജന്മവാർഷികദിനത്തിൽ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേതാ സിംഗ് കീർത്തി. സുശാന്ത്, നീ വെറുമൊരു ഓർമയല്ലെന്നും ഊർജമാണെന്നും കീർത്തി കുറിക്കുന്നുണ്ട്. പിറന്നാളാശംസകൾ ഭായ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേതാ സിംഗ് കുറിപ്പ് ആരംഭിക്കുന്നത്.
‘നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, നീ അവശേഷിപ്പിച്ച് പോയ ഓരോ ജ്ഞാനവും നിന്റെ സത്ത ശാശ്വതമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. സുശാന്ത്…, നീ വെറുമൊരു ഓർമ്മയല്ല – നിങ്ങൾ ഒരു ഊർജ്ജമാണ്, പ്രചോദനം നൽകുന്ന ഒരു ശക്തിയാണ്. സഹോദരാ, വാക്കുകൾക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു, അളക്കാനാവാത്തവിധം നിങ്ങളെ മിസ്സ് ചെയ്യുന്നു. ഇന്ന്, ഞങ്ങൾ നിങ്ങളുടെ വൈഭവത്തേയും അഭിനിവേശത്തേയും അനന്തമായ ആത്മാവിനേയും ആഘോഷിക്കുന്നുവെന്നാണ് ശ്വേത കുറിച്ചത്.
പട്ന സ്വദേശികളായ കൃഷ്ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്ബതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്പോർട്‌സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. 2008 മുതൽ ടെലിവിഷൻ പരമ്ബരകളിൽ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദിൽ ആയിരുന്നു ആദ്യ പരമ്ബര. 2009 ൽ ആരംഭിച്ച പവിത്ര രിഷ്ത കരിയർ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു.
പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതൻ ഭഗത്തിന്റെ ‘ത്രീ മിസ്‌റ്റേക്‌സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കായ് പോ ചെ ആയിരുന്നു’ ആദ്യ സിനിമ. 2013 ൽ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാൻസ് എന്ന ചിത്രവും ഹിറ്റായി.
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്‌റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലയിലും പ്രശസ്തനാണ്.
